കൽപ്പറ്റ: ചൂഷണങ്ങളില്ലാത്ത പുതിയൊരു നാളെ എന്ന ലക്ഷ്യത്തോടെ വീറോടെ മുന്നേറിയ പോരാളി; ഇന്നലെ ഓർമ്മയിലേക്ക് മറഞ്ഞ മാനന്തവാടിയിലെ കെ. വേലപ്പൻ മാസ്റ്ററുടെ ജീവിതം വയനാട്ടിലെ നക്സൽ പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ തിളങ്ങുന്ന അദ്ധ്യായങ്ങളിലൊന്നു കൂടിയാണ്.
ജ്യേഷ്ഠസഹോദരൻ തേറ്റമല കൃഷ്ണൻകുട്ടിയുടെ കാലടികൾ പിന്തുടർന്നാണ് വേലപ്പനും നക്സലിസത്തിലേക്ക് ആകൃഷ്ടനാവുന്നത്. വാളേരി കുനിക്കരച്ചാൽ കുഞ്ഞൻ വൈദ്യരുടെയും ശ്രീ അമ്മയുടെയും ആറു മക്കളിൽ രണ്ട് പേർ അങ്ങനെ വിപ്ളവത്തിന്റെ വഴിയിലേക്ക് തിരിയുകയായിരുന്നു. 2012 ആഗസ്റ്റ് 22നായിരുന്നു കൃഷ്ണൻകുട്ടിയുടെ അന്ത്യം.
അറുപതുകളിൽ മാനന്തവാടി സ്കൂളിൽ എ.വർഗീസിനൊപ്പം കെ.എസ്.എഫ് പ്രവർത്തനങ്ങളിൽ സജീവമായിരുന്നു വേലപ്പൻ. പിന്നീട് ഇരുവരും നക്സൽ പോരാട്ട വഴിയിലും ഒന്നിച്ച് നീങ്ങി.
പുല്പളളി ആക്രമണത്തിൽ ജ്യേഷ്ഠാനുജന്മാർ മുൻനിരയിൽ തന്നെയുണ്ടായിരുന്നു. ഒരു കാലിന് സ്വാധീനക്കുറവുണ്ടായിട്ടും കിലോമീറ്ററുകൾ വനത്തിലൂടെ താണ്ടാൻ വേലപ്പന് ഒട്ടും പ്രയാസമുണ്ടായിരുന്നില്ല.
കോഴിക്കോട് നിന്നാണ് വേലപ്പൻ പിന്നീട് ടി.ടി.സി പാസായത്. പാണ്ടിക്കടവ് പഴശ്ശിരാജ മെമ്മോറിയൽ എൽ.പി സ്കൂളിൽ അധ്യാപകനായി ജോലിയിൽ കയറിയ അദ്ദേഹം അടിസ്ഥാനവർഗത്തിന് വേണ്ടി രംഗത്തിറങ്ങുകയായിരുന്നു. തേറ്റമല കൃഷ്ണൻകുട്ടി തോട്ടം തൊഴിലാളികളുടെ മോചനത്തിനായും പ്രവർത്തിച്ചു.
പുൽപ്പളളി പൊലീസ് സ്റ്റേഷൻ ആക്രമണത്തിനു പിന്നാലെ തേറ്റമല കൃഷ്ണൻകുട്ടി പിടിക്കപ്പെട്ടു. എന്നാൽ വേലപ്പൻ പുല്പളളി ആക്ഷനിലും പങ്കാളിയായി. വനത്തിലൂടെ നടന്ന് കുറ്റ്യാടിയിലെത്തിയ സംഘം തിരിച്ച് വയനാട്ടിലേക്ക് മടങ്ങിയതും അതേ പാതയിൽ. പതിനെട്ട് ദിവസത്തിന് ശേഷം കുഞ്ഞോം യു.പി. സ്കൂളിന് സമീപത്ത് വച്ചാണ് പൊലീസ് വേലപ്പനെ വളഞ്ഞു പിടിക്കുന്നത്. അങ്ങനെ ജയിലിലായി. പിന്നീട് ശിക്ഷയിൽ നിന്ന് മോചിക്കപ്പെട്ടുവെങ്കിലും സർക്കാർ അപ്പീലിന് പോയി. അതിന്റെ പേരിൽ വീണ്ടും ശിക്ഷ അനുഭവിക്കേണ്ടി വന്നു. അടിയന്തരാവസ്ഥയുടെ പേരിൽ മിസ തടവുകാരനായും ജയിൽ വാസം. എട്ട് വർഷത്താളം ജയിൽ ശിക്ഷ അനുഭവിച്ചു.
ജയിൽ ശിക്ഷ കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം സി.പി. എമ്മിൽ സജീവമായി.ആദ്യത്തെ അദ്ധ്യാപക സംഘടനയായ കെ.പി.ടി.യുവിന്റെ നേതൃനിരയിലെത്തി. പിന്നീട് കെ.എസ്.ടി.എ ജില്ലാ പ്രസിഡന്റായി. വിരമിച്ച ശേഷവും വിശ്രമജീവിതത്തിലേക്ക് തിരിയാതെ പൊതുപ്രവർത്തനരംഗത്ത് നിറഞ്ഞുനിന്നിരുന്നു അദ്ദേഹം.