കൽപ്പറ്റ: കൊവിഡ് വ്യാപനത്തെ തുടർന്ന് വയനാട് ആശങ്കയുടെ മുൾമുനയിൽ. സമ്പർക്കത്തിലൂടെയുളള രോഗവ്യാപനം ദിനംപ്രതി കൂടുകയാണ്. ഇന്നലെ ജില്ലയിൽ 124 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിൽ മുഴുവൻ പേർക്കും വൈറസ് ബാധ സമ്പർക്കത്തിലൂടെ. ഈ സാഹചര്യത്തിൽ മാനന്തവാടി താലൂക്കിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ് ജില്ലാ ഭരണകൂടം.
ജില്ലയിലെ കൊച്ചു പഞ്ചായത്തായ തവിഞ്ഞാലിലെ വാളാട് മാത്രം 101 പേർക്കാണ് ഇന്നലെ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ജൂലായ് 19ന് നടന്ന മരണാനന്തര ചടങ്ങിലും 21, 25 തീയതികളിൽ നടന്ന വിവാഹചടങ്ങുകളിലും പങ്കെടുത്തവർക്കാണ് രോഗം പിടിപെട്ടത്. ഇൗ വ്യാപനം മറ്റിടങ്ങളിലേക്കും പടർന്നതായാണ് സൂചന. ഇൗ മൂന്ന് ചടങ്ങുകളിലുമായി 550 പേർ പങ്കെടുത്തിരുന്നു. ഇത്രയും പേർക്കെതിരെ തലപ്പുഴ പൊലീസ് കേസെടുത്തിട്ടുണ്ട്. മരണാനന്തര ചടങ്ങിൽ പങ്കെടുത്തവരിൽ ചിലർ വിവാഹങ്ങളിലും പങ്കെടുത്തതാണ് വലിയ സമൂഹവ്യാപനം വൻതോതിലാവാൻ ഇടയാക്കിയത്. വാളാട് മേഖല ഇപ്പോൾ ലാർജ് ക്ളസ്റ്ററിലാണ്.
വാളാട് മേഖലയിൽ മൂന്ന് സംഘത്തിന്റെ നേതൃത്വത്തിൽ പരിശോധന നടന്നുവരികയാണ്. ഇൗ പ്രദേശത്തെ ആദിവാസി കോളനികൾ കർശന നിരീക്ഷണത്തിലാണ്. ഇവിടേക്ക് പുറത്ത് നിന്ന് ആരെയും കടത്തിവിടുന്നില്ല. അതേ പോലെ ആരെയും പുറത്തേക്ക് വിടുന്നുമില്ല.
പേര്യ, ബോയ്സ് ടൗൺ പാൽചുരം , കുറ്റ്യാടി പക്രന്തളം ചുരം പാതകളിൽ വാഹന ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.