തലപ്പുഴ:കൊവിഡ് പ്രതിരോധ പ്രവർത്തനത്തെ അവഹേളിച്ച് സമൂഹമാദ്ധ്യമങ്ങൾ മാർഗ്ഗം ശബ്ദ സന്ദേശം പ്രചരിപ്പിച്ച യുവാവിനെതിരെ തലപ്പുഴ പൊലീസ് കേസെടുത്തു.വാളാട് കൂടംകുന്ന് കുന്നേത്ത് വീട്ടിൽ അബ്ദുൾ റഷീദ് ദാരിമി (35)നെതിരെയാണ് വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തത്.കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് വാളാട് പ്രദേശത്ത് ആരോഗ്യ വകുപ്പ് ആന്റിജൻ ടെസ്റ്റ് നടത്തിയിരുന്നു. ഇന്നും ടെസ്റ്റുകൾ തുടരുകയാണ്. ആരോഗ്യ വകുപ്പ് നല്ല രീതിൽ പ്രതിരോധ പ്രവർത്തനങ്ങൾ തുടരുന്നതിനിടയിൽ ആരോഗ്യ വകുപ്പിനെയും ജനപ്രതിനിധികളെയും താറടിച്ചു കാണിക്കുന്ന നിലയിൽ പ്രത്യേകിച്ച് പ്രതിരോധ പ്രവർത്തനങ്ങളെ താളം തെറ്റിക്കുന്ന തരത്തിൽ സമൂഹ മാദ്ധ്യമങ്ങളിൽ തെറ്റായ സന്ദേശം നൽകിയതിന്റെ പേരിലാണ് അബ്ദുൾ റഷീദിനെതിരെ പൊലീസ് കേസെടുത്തത്. കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി നടത്തുന്ന ആന്റിജൻ ടെസ്റ്റിൽ പ്രദേശവാസികൾ പങ്കെടുക്കരുതെന്നും ട്രീറ്റ്‌മെന്റ് സെന്ററുകളിൽ മതിയായ ചികിത്സയും ഭക്ഷണവും ലഭിക്കുന്നില്ലെന്നും മറ്റുമുള്ള സന്ദേശമാണ് ഇയാൾ പ്രചരിപ്പിച്ചത്.

പൊതു സുരക്ഷയ്ക്കും സമാധാനത്തിനും വീഴ്ചയുണ്ടാകുന്ന തരത്തിൽ ശബ്ദ സന്ദേശം അയച്ചതിനും, രോഗ വ്യാപനം കൂട്ടുന്ന രീതിയിൽ പ്രചരണം നടത്തിയതിനും ഇന്ത്യൻ വകുപ്പുകൾ കൂടാതെ എപ്പഡമിക്ക് ഡിസീസ് ഓർഡിനൻസ് പ്രകാരവുമാണ് കേസെടുത്തത്. പൊലീസിന് ലഭിച്ച സന്ദേശ പ്രകാരം തലപ്പുഴ സി.ഐ ജിജേഷ് ആണ് അബ്ദുൾ റഷീദിനെതിരെ കേസെടുത്തത്.