മാനന്തവാടി: സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തുകയും, അസഭ്യം പറയുകയും, കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയും ചെയ്തുവെന്ന ആരോഗ്യ വകുപ്പ് അധികൃതരുടെ പരാതിയെ തുടർന്ന് നല്ലൂർനാട് മോഡൽ റെസിഡൻഷ്യൽ സ്‌കൂളിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിൽ ചികിത്സയിൽ കഴിയുന്ന 5 പേർക്കെതിരെ മാനന്തവാടി പൊലീസ് കേസെടുത്തു. രോഗികൾക്ക് ജില്ലാ ആശുപത്രിയിൽ നൽകുന്ന ഭക്ഷണം നൽകിയില്ലെന്നും, കൂടാതെ ഭക്ഷണം വിളമ്പി നൽകിയില്ലെന്നും, ആരോപിച്ചും പാത്രങ്ങൾ കഴുകി നൽകണമെന്ന് ആവശ്യപ്പെട്ടും ആരോഗ്യ പ്രവർത്തകരെ ആക്രമിക്കാൻ ശ്രമിച്ചതായാണ് പരാതി.
ട്രീറ്റ്‌മെന്റ് സെന്ററിലെ നോഡൽ ഓഫീസറുടെ പരാതി പ്രകാരം ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തൽ, ജീവനക്കാരെ ഭീഷണിപ്പെടുത്തൽ എന്നിവയ്ക്ക് വിവിധ വകുപ്പുകൾ പ്രകാരവും, ഹെൽത്ത് കെയർ പ്രൊട്ടക്ഷൻ ആക്ട് പ്രകാരവുമാണ് അഞ്ച് വാളാട് സ്വദേശികൾക്കെതിരെ മാനന്തവാടി പൊലീസ് കേസെടുത്തത്