ആലപ്പുഴ: എ.ടി.എം കാർഡിന് സമാനമായ കാർഡ് മെഷീനിൽ ഉരച്ചാൽ കുടുംബത്തിന് ദിവസം പരമാവധി 10 ലിറ്റർ വരെ കുടിവെള്ളം കിട്ടുന്ന വാട്ടർ കിയോസ്കുകളുമായി ആലപ്പുഴ നഗരസഭ. നഗരപ്രദേശത്തെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി ഇത്തരം 21 കിയോസ്കുകളാണ് സ്ഥാപിക്കുന്നത്. ആദ്യത്തെ കിയോസ്കിന്റെ ഉദ്ഘാടനം രണ്ടാഴ്ചയ്ക്കുള്ളിൽ ടൗൺഹാളിൽ നടക്കും.
കാർഡ് ഉപയോഗിക്കണമെങ്കിലും സേവനം തികച്ചും സൗജന്യമാണ്. കിയോസ്ക് സ്ഥാപിക്കുന്ന പ്രദേശത്തുള്ളവർക്ക് കാർഡുകൾ നൽകും. വെള്ളം ലഭിക്കുന്നതിനായി കാർഡ് മെഷീനിൽ സ്വൈപ് ചെയ്യണം. വഴിയാത്രക്കാരെ ലക്ഷ്യമിട്ട് കോയിൻ സംവിധാനവും നടപ്പിലാക്കുന്നുണ്ട്. നാണയത്തുട്ട് മെഷീനിൽ നിക്ഷേപിക്കുന്നതോടെ ഒരു ലിറ്റർ വെള്ളം ലഭിക്കും. അമൃത് പദ്ധതിയിലുൾപ്പെടുത്തി ജല അതോറിട്ടിയുടെ സഹകരണത്തോടെയാണ് കിയോസ്കുകൾ സ്ഥാപിക്കുന്നത്.
ജനറൽ ആശുപത്രി, ടൗൺ ഹാൾ, റെയിൽവേ സ്റ്റേഷൻ, പുന്നമട തുടങ്ങി പ്രധാന സ്ഥലങ്ങൾക്ക് പുറമേ ശുദ്ധജലക്ഷാമം നേരിടുന്ന സ്ഥലങ്ങളിലും കുടിവെള്ള കിയോസ്കുകൾ വരും. ജല അതോറിട്ടിയുടെ സ്ഥലങ്ങളിലും മറ്റ് ഇടങ്ങളിലുമായി ഒരു സെന്റ് സ്ഥലത്താണ് കിയോസ്ക് സ്ഥാപിക്കുക. വെള്ളം ശേഖരിക്കുന്നതിനും ശുദ്ധീകരിക്കുന്നതിനുള്ള സംഭരണി സ്ഥാപിക്കുന്നതിനാണിത്. ജലഅതോറിട്ടി ലൈനുകൾക്ക് പുറമെ കുടിവെള്ളക്ഷാമമുള്ള സ്ഥലങ്ങളിൽ കുഴൽ കിണറുകളെ ആശ്രയിക്കും. ശേഷം ശുദ്ധീകരണം നടത്തിയാവും ജലം ലഭ്യമാക്കുക.
........................................
ഒരു കുടുംബത്തിന് ഒരു കാർഡ്
ഉപഭോക്താക്കളെ നഗരസഭ നിശ്ചയിക്കും
ആദ്യഘട്ടത്തിൽ 200 കാർഡുകൾ
ഗുണഭോക്താക്കളെ കണ്ടെത്തേണ്ട ചുമതല വാർഡുതല സമിതികൾക്ക്
1, 2 രൂപ തുട്ടുകൾ നിക്ഷേപിച്ചാൽ ഒരുലിറ്റർ വെള്ളം
ലഭിക്കുന്ന നാണയത്തുട്ടുകൾ കിയോസ്‌കുകളുടെ അറ്റകുറ്റപ്പണികൾക്ക്
..........................
12 ലക്ഷം: ഒരു കിയോസ്ക് സ്ഥാപിക്കുന്നതിന്റെ ചെലവ്
......................
നഗരപ്രദേശത്തെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണുന്നതിനുള്ള 21 കിയോസ്കുകൾ ഉടൻ പ്രവർത്തനമാരംഭിക്കും. കാർഡ് നൽകിയാണ് ഗുണഭോക്താക്കൾക്ക് അവസരം നൽകുന്നത്. യാത്രക്കാരെ ലക്ഷ്യമിട്ട് നാണയമിട്ട് വെള്ളം എടുക്കാനുള്ള സംവിധാനവുമുണ്ടാകും
ഇല്ലിക്കൽ കുഞ്ഞുമോൻ, നഗരസഭാ ചെയർമാൻ