tttt

ആലപ്പുഴ: കൈയെത്തിപ്പിടിക്കാൻ കഴിയാത്ത വിധത്തിലേക്ക് സ്വർണവില കുതിക്കവേ, ആഭരണശാലകൾ പലതും സ്തംഭനാവസ്ഥയിൽ. സാധാരണക്കാരന്റെ വിവാഹസ്വപ്നങ്ങളിൽ നിന്ന് സ്വർണത്തെ പടിയടയ്ക്കേണ്ട നിലയിലാണ് കാര്യങ്ങളുടെ പോക്ക്.

വരുമാനമില്ലാതായതോടെ, സ്വരുക്കൂട്ടിവച്ചിരുന്ന സ്വർണ്ണം വിൽക്കാനെത്തുന്നവരുടെ തിരക്കാണ് പ്രധാന ആഭരണശാലകളിൽ ഉൾപ്പെടെ. വിവാഹ പാർട്ടികൾ സ്വർണത്തിന്റെ തൂക്കം കുറച്ച്, പകരം പണമായി മക്കളുടെ അക്കൗണ്ടിൽ നിക്ഷേപിക്കുന്ന നിലയിലേക്കെത്തിയിട്ടുണ്ട്. ചടങ്ങിൽ പരമാവധി 50 പേർക്കു മാത്രമേ പങ്കെടുക്കാനാവൂ എന്നതിനാൽ ഇമിറ്റേഷൻ സ്വർണ്ണത്തിലാണ് നവവധുമാർ തിളങ്ങുന്നത്! ഒരു പവന്, പണിക്കൂലി ഉൾപ്പടെ നൽകുന്ന പണമുണ്ടെങ്കിൽ അത് ബാങ്കിൽ നിക്ഷേപിക്കാമല്ലോ എന്നാണ് പുതുതലമുറക്കാരുടെ ചിന്ത. കുതിച്ചുയരുന്ന വില ഏതു നിമിഷവും താെഴേക്കു വരാമെന്നതിനാലാണ് ആലോചന ഈ വഴിയിലേക്കു തിരിഞ്ഞത്.

ഏറ്റവുമധികം വിവാഹം നടക്കാറുള്ള വെക്കേഷൻ കാലവും, പടിവാതിൽക്കലെത്തിയ ചിങ്ങമാസവും തകർന്ന് തരിപ്പണമാവുന്ന മട്ടാണെന്ന് സ്വർണ വ്യാപാരികൾ പറയുന്നു. വില്പന നടന്നാൽ പകരം സ്റ്റോക്ക് കടകളിൽ സൂക്ഷിക്കാനില്ലാത്ത സ്ഥിതിയാണ്. ഉയർന്നു നിൽക്കുന്ന വിലയിൽ സ്റ്റോക്ക് എടുക്കുന്നതും വെല്ലുവിളിയാണെന്ന് വ്യാപാരികൾ പറയുന്നു. നിക്ഷേപമെന്ന നിലയിൽ സ്വർണം വാങ്ങിയിരുന്നവർക്ക് പോലും, വരുമാനം ഇടിഞ്ഞ കൊവിഡ് കാലത്ത് പൊന്ന് വാങ്ങാൻ സാധിക്കുന്നില്ല. നഗര - ഗ്രാമ വ്യത്യാസമില്ലാതെ എല്ലാ സ്വർണാഭരണശാലകളിലും കച്ചവടം ഇടിഞ്ഞു.

..........................

മറ്റേ മേഖലകളുമായി താരതമ്യം ചെയ്താൽ വൻ നഷ്ടം നേരിടുന്നവരാണ് സ്വർണ വ്യാപാരികൾ. വ്യാപാരം സ്തംഭനാവസ്ഥയിലാണ്. എക്സൈസ് ഡ്യൂട്ടി പൂർണമായി പിൻവലിച്ചാൽ തന്നെ, ഒരു ഗ്രാമിന്റെ പുറത്ത് 800 രൂപ മാത്രമേ കുറയുകയുള്ളൂ. എങ്കിലും ഇതിന് വേണ്ട നടപടികൾ കൈക്കൊള്ളാൻ കേന്ദ്ര സർക്കാർ തയാറാവണം

രാജു അപ്സര, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ്

..........................

 വിവാഹ പാർട്ടികൾ സ്വർണം വാങ്ങുന്നത് കുറച്ചു

 ചടങ്ങുകൾ ഇല്ലാത്തതിനാൽ സ്വർണം വാങ്ങാൻ ആളില്ല

 വിലയ്ക്കൊപ്പം ഇടിത്തീയായി പണിക്കൂലിയും

........................

5250 രൂപ: ഗ്രാമിന് ഇന്നലത്തെ വില