 വെള്ളപ്പൊക്ക മേഖലകളിൽ ഒറ്റദിവസം കൊണ്ട് ആശ്വാസം


ആലപ്പുഴ: തോട്ടപ്പള്ളി പൊഴിമുഖത്തു കൂടിയുള്ള നീരോഴുക്ക് ശക്തമായതോടെ കുട്ടനാട്, അപ്പർകുട്ടനാട് ഭാഗങ്ങളിൽ നിന്ന് വെള്ളം വൻതോതിൽ കടലിലേക്കൊഴുകി. ഇന്നലെ മഴയ്ക്ക് അല്പം ശമനം ഉണ്ടായെങ്കിലും കിഴക്കൻ വെള്ളത്തിന് വരവ് ശക്തമായി തുടരുന്നു.

മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി തോട്ടപ്പള്ളി പൊഴിമുഖത്തെ മണൽതിട്ട പൂർണ്ണമായും നീക്കി ആഴം വർദ്ധിപ്പിച്ചാണ് തുറന്നത്. കടലിലേക്ക് തുറന്ന് മണക്കൂറുകൾക്കുള്ളിൽ നീരോഴുക്ക് ശക്തമായി. നല്ല വീതിയിൽ ഒഴുക്ക് വീണത് കുട്ടനാട്ടുകാർക്കാണ് ഏറെ ആശ്വാസമായി. 40 ഷട്ടറുകളും ഉയർത്തിയതും ഒഴുക്ക് സുഗമമാകാൻ കാരണമായി. കാർത്തികപ്പള്ളി താലൂക്കിലെ കുമാരപുരം, കരുവാറ്റ, ചെറുതന, തൃക്കുന്നപ്പുഴ, വീയപുരം, പള്ളിപ്പാട്, അമ്പലപ്പുഴ താലൂക്കിലെ പുറക്കാട്, അമ്പലപ്പുഴ,പുന്നപ്ര, കുട്ടനാട് താലൂക്കിലെ 13 പഞ്ചായത്തുകൾ, ചേർത്തല താലൂക്കിലെ വിവിധ ഭാഗങ്ങൾ എന്നിവിടങ്ങളിലെ ആയിരത്തോളം വീടുകൾ വെള്ളത്തിലായിരുന്നു. പമ്പ,മണിമല,അച്ചൻകോവിൽ ആറുകളിൽ ശക്തമായ ഒഴുക്കാണ് അനുഭവപ്പെടുന്നത്. ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിൽ ഒന്നാംകര ഭാഗം വെള്ളത്തിൽ മുങ്ങി. കുട്ടനാട് താലൂക്കിലെ മുഴുവൻ പഞ്ചായത്തുകളിലെയും ഗ്രാമീണ റോഡുകളിലൂടെയുള്ള യാത്ര ദുഷ്കരമാണ്. കിഴക്കുനിന്നുള്ള വെള്ളത്തിന്റെ വരവ് തുടരുന്നതിനാൽ താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് പ്രളയജലം പൂർണ്ണമായും ഇറങ്ങിയിട്ടില്ല.

ഇന്നലെ മഴ അല്പം ഒഴിഞ്ഞു നിന്നെങ്കിലും തീരത്ത് പലേടത്തും കടൽ പ്രഷുബ്ദ്ധമായി തുടരുന്നു. ദേശീയജലപാതവഴി കായംകുളം കായലിലേക്കുള്ള ഒഴുക്ക് അത്രശക്തമല്ല. തൃക്കുന്നപ്പുഴയിൽ പുതിയ പാലം നിർമ്മാണവുമായി ബന്ധപെട്ട് രണ്ട് ലോക്ക്ഗേജുകളിൽ വലിയ ഗേജ് അടച്ചിട്ടിരിക്കുകയാണ്. ഒന്നിൽക്കൂടി മാത്രമാണ് വെള്ളം ഒഴുകുന്നത്. കാർത്തികപ്പള്ളി, പുളിക്കീഴ് തോടുകളിലൂടെ കാര്യമായ ഒഴുക്ക് ഇല്ലാത്തതും അപ്പർകുട്ടനാട്ടിൽ ജലനിരപ്പ് ഉയരാൻ കാരണമായി. മണലും ചെളിയും അടിഞ്ഞതാണ് കാരണം. കായംകുളം കായലുമായി ബന്ധപ്പെട്ട് നിർമ്മിക്കുന്ന ഒരുമുട്ടുകൾ ഇട തോടുകളിലൂടെയുള്ള ഒഴുക്കും തടസപ്പെടുത്തുന്നു. ഇത്തവണ തോട്ടപ്പള്ളി സ്പിൽവേ മാത്രമാണ് നീരോഴുക്കിന് ആശ്രയം.

 3 വീടുകൾ ഭാഗികമായി തകർന്നു

മഴയിലും കാറ്റിലും ജില്ലയിൽ മൂന്ന് വീടുകൾ ഭാഗികമായി തകർന്നു. നിരവധി വീടുകൾ വെള്ളക്കെട്ടിലായി. പ്രളയജലം ഒഴുകി മാറാത്തതിനെ തുടർന്ന് കുട്ടനാട് താലൂക്കിലെ കാവലത്തെ ഒരു വീട്ടിലെ അഞ്ചു പേരെ കാവാലം കമ്മ്യൂണിറ്റി സെന്ററിലേക്ക് മാറ്റി. മാവേലിക്കര താലൂക്കിൽ ഒന്നും ചേർത്തല താലൂക്കിൽ രണ്ടും വീടുകളാണ് ഭാഗികമായി തകർന്നത്.

.......................................


തോട്ടപ്പള്ളിയിലെ മണൽ നീക്കത്തിനെതിരെ വ്യാജ പ്രചാരണം നടത്തിയവർ തന്നെ, പൊഴി മുറിച്ച് ഒഴുക്കു സുഗമമാക്കണമെന്ന് ആവശ്യപ്പെടേണ്ടി വന്നു. ഇതിനു വേണ്ടിയാണ് മണൽ നീക്കിയത്. അനാവശ്യ സമരം നടത്തിയവർ ജനങ്ങൾക്കു മുന്നിൽ തെറ്റു സമ്മതിക്കുമോ?

മന്ത്രി ജി.സുധാകരൻ