arjun-mahesh

ആലപ്പുഴ: ആറാട്ടുപുഴ പെരുമ്പള്ളിയിൽ അയൽവാസികളായ സ്ത്രീകളും പുരുഷൻമാരും വഴിയുടെ പേരിൽ നടത്തിയ കൂട്ടത്തല്ല് വൈറലായതു നേര്. പക്ഷേ, തല്ല് ചിത്രീകരിച്ചത് കുട്ടിയാണെന്ന് അറിഞ്ഞവർക്ക് ആശ്ചര്യം. ദൃശ്യത്തിൽ കുടുങ്ങിയവർക്ക് മുറുമുറുപ്പും.

പല്ലന മഹാകവി കുമാരനാശാൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ അ‌ർജുൻ മഹേഷാണ് ദൃശ്യം പകർത്തിയത്. അടി ഷൂട്ട് ചെയ്യുന്നതു കണ്ട് അയൽപക്കത്തെ സ്ത്രീ വിരട്ടിയപ്പോൾ ഓടി വീട്ടുപടിക്കൽ തെന്നിവീണ് നെറ്റിയും കാൽമുട്ടും പൊട്ടുകയും ചെയ്തിരുന്നു.

അടി കണ്ടവർ രസിച്ചെങ്കിലും, കൊണ്ടവർക്കും കൊടുത്തവർക്കുമുണ്ടായ നാണക്കേട് ചില്ലറയല്ല. അടിപിടിക്കേസിലെ പ്രധാന തെളിവും ഈ വീഡിയോ തന്നെ. കഴിഞ്ഞ 26ന് നടന്ന സംഭവത്തിൽ ഇരു കൂട്ടരും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലുള്ള മൊഴിയെടുപ്പ് തൃക്കുന്നപ്പുഴ പൊലീസ് സ്റ്റേഷനിൽ പുരോഗമിക്കുകയാണ്. 19 പേരാണ് പ്രതികൾ.

തോട്ടപ്പള്ളി സ്വദേശിയായ അർജുൻ സ്കൂളില്ലാത്തതിനാൽ അമ്മവീട്ടിൽ വിരുന്നെത്തിയതായിരുന്നു. മത്സ്യത്തൊഴിലാളിയായ മഹേഷാണ് പിതാവ്. അമ്മ ടിന്റു. അനുജത്തി കോകില.

ഷൂട്ട് ചെയ്യാൻ മൊബൈൽ

ഏല്പിച്ച ചേട്ടന്റെ കടുംകൈ

കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെയാണ് അടി മുറുകുന്നത് കണ്ട് അങ്ങോട്ടു പോയത്. ഇതിനിടെ അടി ഷൂട്ട് ചെയ്യാൻ ഒരു ചേട്ടൻ മൊബൈൽ ഫോൺ ഏൽപ്പിച്ചു. അയാളും കളത്തിലിറങ്ങി. ഈ യുവാവ് തന്നെയാവും വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചതെന്ന് അർജുൻ കരുതുന്നു.

അടിക്കു പിന്നിൽ

പുറമ്പോക്ക് സ്ഥലത്ത് മൂന്ന് മീറ്റർ വഴി വേണമെന്ന് ഒരു കൂട്ടരും, നൽകില്ലെന്ന് മറു ഭാഗവും നിലപാട് സ്വീകരിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണം. ഒത്തുതീർപ്പ് ചർച്ചകൾ രാഷ്ട്രീയ പാർട്ടികളടക്കം ഇടപെട്ട് നടത്തിയെങ്കിലും പരിഹാരമായില്ല. പുറമ്പോക്കായതിനാൽ വില്ലേജ് ഓഫീസർ സ്ഥലം പരിശോധിച്ച് റിപ്പോർട്ട് സമർപ്പിച്ച ശേഷമേ തീരുമാനമാകൂവെന്ന് വാർഡ് മെമ്പർ ശ്യംകുമാർ പറഞ്ഞു.

'സംഗതി പൊല്ലാപ്പാവുമെന്ന് വിചാരിച്ചില്ല. ഇനി എവിടെയെങ്കിലും അടി കണ്ടാൽ അപ്പോൾ മുങ്ങും. '

- അർജുൻ മഹേഷ്