ആലപ്പുഴ: കളക്ടറുടെ ഓൺലൈൻ പരാതി പരിഹാര അദാലത്തിലൂടെ കാർത്തികപ്പള്ളി താലൂക്കിലെ 98 ശതമാനം പരാതികളും തീർപ്പാക്കി. 148 പരാതികളാണ് ലഭിച്ചത്.
കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ അക്ഷയ സെന്ററുകളിൽ എത്തുന്ന പരാതിക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഘട്ടങ്ങളായാണ് കളക്ടർ പരാതികൾ പരിഗണിക്കുന്നത്. കഴിഞ്ഞ 18ന് നടന്ന ആദ്യഘട്ടത്തിൽ 50 പരാതികൾ പരിഗണിച്ചിരുന്നു. ഇന്നലെ നടന്ന അദാലത്തിൽ 53 പരാതികളാണ് പരിഗണിച്ചത്. ഇതിൽ 50 പരാതികളും ബന്ധപ്പെട്ട അധികാരികളും പരാതിക്കാരുമായി വീഡിയോ കോൺഫറൻസ് വഴി സംവദിച്ച് കളക്ടർക്ക് തീർപ്പാക്കി. വഴിത്തർക്കം, കാലങ്ങളായുള്ള അതിർത്തി തർക്കം, നിയമന അംഗീകാരവുമായി ബന്ധപ്പെട്ട പരാതികൾ തുടങ്ങിയവയാണ് പ്രധാനമായും അദാലത്തിൽ എത്തിയത്.
മുതുകുളം സ്വദേശികളായ വൃദ്ധ ദമ്പതികൾ വർഷങ്ങളായി വൈദ്യുതി കണക്ഷനു വേണ്ടി നടത്തിയ പരിശ്രമങ്ങൾക്കും അദാലത്തിൽ പരിഹാരമായി. വീട്ടിലേക്ക് വൈദ്യുതി ലൈൻ വലിക്കുന്നതുമായ ബന്ധപ്പെട്ട തടസങ്ങളായിരുന്നു പ്രധാന പ്രശ്നം. 15 ദിവസത്തിനുള്ളിൽ വൈദ്യുതി കണക്ഷൻ നൽകണമെന്ന് കെ.എസ്.ഇ.ബിക്ക് കളക്ടർ നിർദ്ദേശം നൽകി.