dhaneesh

പൂച്ചാക്കൽ: ശ്രീകണ്ഠേശ്വരം ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂൾ മാനേജർ കെ.എൽ.അശോകനും പ്രിൻസിപ്പൽ എ.ഡി.വിശ്വനാഥനും ഒരിക്കൽ കൂടി കുട്ടൻചാലിൽ എത്തിയത് ധനീഷിന് കൊടുത്ത വാക്ക് പാലിക്കാനായിരുന്നു. ടാബ് കൈയിൽ കിട്ടിയതോടെ പറഞ്ഞറിയിക്കാനാവാത്ത സന്തോഷത്തിലായിരുന്നു ധനീഷ്.

കഴിഞ്ഞ ദിവസം പടിഞ്ഞാറെ കുട്ടൻചാലിൽ ഗോപികക്ക് ടി.വി നൽകാൻ ഇരുവരും എത്തിയിരുന്നു. പ്ലസ് ടു വിദ്യാർത്ഥിയായ ധനീഷിനും ടി.വി നൽകാൻ തീരുമാനിച്ചിരുന്നെങ്കിലും പ്ലസ്ടു പഠനം കഴിഞ്ഞ് ഉപരിപഠനത്തിനായി പരിശീലന ക്ലാസിൽ പങ്കെടുക്കുന്ന സഹോദരി തനൂജക്കും കൂടി പ്രയോജനപ്പെടുന്ന ഒരു ടാബ് കിട്ടിയാൽ കൂടുതൽ ഉപകാരമാകുമെന്നായിരുന്നു ധനീഷ് പറഞ്ഞത്. അധികം താമസിയാതെ എത്തിക്കാമെന്ന് വാക്കു നൽകിയാണ് മാനേജരും പ്രിൻസിപ്പലും മടങ്ങിയത്. അച്ഛൻ ബാബുവിനെ സഹായിക്കാൻ മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് ടാബ് വീട്ടിലെത്തിയ വിവരം ധനീഷ് അറിഞ്ഞത് .

ചേന്നം പള്ളിപ്പുറം പഞ്ചായത്ത് ഒന്നാം വാർഡിലെ ചെറിയ ദ്വീപാണ് കുട്ടൻചാൽ. 147 കുടുംബങ്ങളാണ് ഇവിടെയുള്ളത്. മത്സ്യ ബന്ധനവും മത്സ്യക്കൃഷിയുമാണ് പ്രധാന ജീവനോപാധി. ഇവിടുത്തെ കുട്ടികൾക്കായി സ്കൂൾ പ്രത്യേകം വാഹന സൗകര്യം ചെയ്തു കൊടുക്കുന്നുണ്ട്.

എസ്.എൻ.ഡി.പി യോഗം കുട്ടൻചാൽ ശാഖയിലെ മഹാവിഷ്ണു ബാലാലയ ക്ഷേത്രത്തിനു മുന്നിൽ നടന്ന ചടങ്ങിൽ തനൂജയും ധനീഷും ചേർന്ന് കെ.എൽ.അശോകനിൽ നിന്നു ടാബ് ഏറ്റുവാങ്ങി. യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ വി.ശശികുമാർ,ബൈജു അറുകുഴി, യൂത്ത് മൂവ്മെന്റ് ചേർത്തല യൂണിയൻ സെക്രട്ടറി അജയൻ പറയകാട്, ശാഖാ ഭാരവാഹികളായ രണദേവ്,കെ.എസ്.വിനോദ്,അദ്ധ്യാപകരായ സിജിൻ, അരുൺ മോഹൻ, എൻ.ആർ.സാജു തുടങ്ങിയവർ പങ്കെടുത്തു.