sdg

ഹരിപ്പാട്: തീരം സംരക്ഷിക്കുക, തീരദേശ ജനതയ്ക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ മന്ത്രിമാരുടേയും പ്രതിപക്ഷ നേതാവിന്റെയും ക്യാമ്പ് ഹൗസിന് മുമ്പിലും പ്രതിഷേധ സമരം സംഘടിപ്പിച്ചു.

സുനാമി ബാധിത പ്രദേശമായ ആറാട്ടുപുഴ, തൃക്കുന്നപ്പുഴ തീരദേശ മേഖലകളിൽ 40 വർഷത്തിലധികമായി കടൽഭിത്തി, പുലിമുട്ടുകളുടെ അറ്റകുറ്റപ്പണികൾ നടത്താതെ സർക്കാരുകൾ തീരദേശവാസികളെ കബളിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവിന്റെ ഓഫീസിന് മുമ്പിൽ നടന്ന പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു ബി.ജെ.പി ദക്ഷിണ മേഖല പ്രസിഡന്റ് കെ.സോമൻ പറഞ്ഞു. മൂന്നു മന്ത്രിമാരും പ്രതിപക്ഷനേതാവും ഉണ്ടായിട്ടും കഴിഞ്ഞ 4 വർഷം ആലപ്പുഴയിലെ തീരദേശ മേഖലയെ സംരക്ഷിക്കാൻ ഇവർക്ക് കഴിഞ്ഞില്ല. കടൽഭിത്തി കെട്ടി തീരദേശത്തെ സംരക്ഷിക്കണ ആവശ്യത്തോട് മുഖം തിരിഞ്ഞ് നിൽക്കുന്ന സമീപനമാണ് സർക്കാരിനുള്ളത്. കടൽക്ഷോഭത്തിൽ വീടും ജീവനോപാധികളും നഷ്ടപ്പെട്ട തീരദേശ വാസികൾക്ക് അടിയന്തര സഹായം ഉടൻ ലഭ്യമാക്കാൻ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിയോജക മണ്ഡലം പ്രസിഡന്റ് കെ.എസ്.വിനോദ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം പ്രണവം ശ്രീകുമാർ മുഖ്യ പ്രഭാഷണം നടത്തി. ടി.മുരളി, ശ്രീജിത്ത് പനയറ, ജെ.ദിലീപ് കുമാർ, പി.ബി. ബിജു, രാജേന്ദ്രൻ നായർ എന്നിവർ സംസാരിച്ചു