അമ്പലപ്പുഴ: അമ്പലപ്പുഴ കച്ചേരി ജംഗ്ഷന് കിഴക്ക് റോഡിനോട് ചേർന്നുള്ള ആഡിറ്റോറിയം കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററാക്കാനുള്ള നീക്കം വിവാദത്തിലായി. കളക്ടറുടെയും ഡി.എം.ഒയുടെയും നിർദ്ദേശാനുസരണം ഇന്നലെ ആഡിറ്റോറിയം ട്രീറ്റ് മെന്റ് സെന്ററാക്കാൻ ശ്രമിച്ചെങ്കിലും പ്രതിഷേധമുയർന്നതോടെ മന്ത്രി ജി.സുധാകരൻ പ്രവർത്തനങ്ങൾ നിറുത്തി വയ്ക്കാൻ ആവശ്യപ്പെട്ടു.

സ്ഥലം എം.എൽ.എയും ജില്ലയുടെ ചുമതലയുള്ള മന്ത്രിയുമായ ജി.സുധാകരനെ അറിയിക്കാതെയാണ് ആഡിറ്റോറിയം ട്രീറ്റ്മെന്റ് സെന്ററാക്കാക്കാനുള്ള പ്രവർത്തനം നടത്തിയത്. അമ്പലപ്പുഴ- തിരുവല്ല സംസ്ഥാന പാതയോട് വളരെ അടുത്തുള്ള ആഡിറ്റോറിയം ട്രീറ്റ്മെന്റ് സെന്ററാക്കുന്നതറിഞ്ഞ് ആശങ്കാകുലരായ നാട്ടുകാർ ഫോണിൽ അറിയിച്ചതിനെ തുടർന്നാണ് കളക്ടറെ വിളിച്ച് പ്രവർത്തനങ്ങൾ നിറുത്തി വയ്ക്കാൻ മന്ത്രി ആവശ്യപ്പെട്ടത്. പഞ്ചായത്ത് പ്രസിഡന്റും സ്ഥലത്തെത്തിയിരുന്നില്ല. സി.പി.എം ഏരിയ സെക്രട്ടറി ഉൾപ്പെടെയുള്ളവർ ആഡിറ്റോറിയം വൃത്തിയാക്കാൻ എത്തിയെങ്കിലും മന്ത്രിയുടെ അറിവോടെയല്ല പ്രവർത്തനം എന്നറിഞ്ഞതോടെ പിൻമാറി.

അമ്പലപ്പുഴ പൊലീസ് സ്റ്റേഷന് സമീപമുള്ള സ്വകാര്യ ആശുപത്രി ട്രീറ്റ്മെന്റ് സെന്ററാക്കാനാണ് പഞ്ചായത്ത് നിർദ്ദേശിച്ചിരുന്നത്. എന്നാൽ ഡി.എം.ഒ ഇടപെട്ട് ഇത് ആഡിറ്റോറിയത്തിലേക്ക് മാറ്റുകയായിരുന്നു. അമ്പലപ്പുഴ മെഡി.കോളേജ് ഹെൽത്ത് യൂണിറ്റിലെ ഉദ്യോഗസ്ഥയാണ് ഇതിന് പിന്നിലെന്നും സൂചനയുണ്ട്. കഴിഞ്ഞ ദിവസം മന്ത്രിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിൽ നടന്ന അവലോകന യോഗത്തിലും ഇക്കാര്യം തീരുമാനിച്ചിരുന്നില്ല. ജനങ്ങൾ നിരന്തരം ബന്ധപ്പെടുന്ന മേഖലയിൽ ഫസ്റ്റ് ലൈൻ ട്രീറ്റ് മന്റ് സെന്റർ സ്ഥാപിക്കുന്നതിലാണ് പ്രദേശവാസികൾക്ക് ആശങ്ക അറിയിച്ചത്.

അവലോകന യോഗത്തിൽ എടുത്ത തീരുമാനം നടപ്പാക്കുന്നതിൽ ഉദ്യോഗസ്ഥർ വീഴ്ച വരുത്തുന്നുണ്ടെന്ന് ജനപ്രതിനിധികൾ തന്നെ പരാതിപ്പെടുന്നുണ്ട്. ചേർത്തല മണ്ഡലത്തിലെ പ്രവർത്തനങ്ങളിലെ വീഴ്ചയെപ്പറ്റി മന്ത്രി പി.തിലോത്തമനും ഇന്നലെ കളക്ടറെ വിവരം അറിയിച്ചു.