ചാരുംമൂട്: രാത്രിയിൽ കൂട്ടത്തോടെത്തുന്ന കാട്ടുപന്നികൾ കാർഷിക വിളകൾ നശിപ്പിക്കുന്നത് മലയോര മേഖലയായ മറ്റപ്പള്ളിയിലെ കർഷകരെ വല്ലാത്ത പൊല്ലാപ്പിലാക്കുന്നു.
മറ്റപ്പള്ളി പാലവിള തെക്കേതിൽ അബ്ദുൾ അസീസിന്റെ നിരവധി മരച്ചീനികളും ചേമ്പ്, ചേന, ഏത്തവാഴകളും കഴിഞ്ഞ ദിവസം രാത്രി കാട്ടുപന്നികൾ നശിപ്പിച്ചു. ഓണവിപണി ലക്ഷ്യമിട്ടു കൃഷി ചെയ്ത വിളകളാണ് ഇദ്ദേഹത്തിനു നഷ്ടമായത്. പതിനായിരത്തോളം രൂപ നഷ്ടമായി. കഴിഞ്ഞ ഒരു മാസമായി മറ്റപ്പള്ളി ഏലായിലും സമീപത്തെ കൃഷിയിടങ്ങളിലും പന്നിക്കൂട്ടത്തിന്റെ ആക്രമണം രൂക്ഷമാണ്. കർഷകർ പഞ്ചായത്തിലും കൃഷിഭവനിലും പരാതിപ്പെട്ടെങ്കിലും യാതൊരു വിധ പരിഹാരവും ഉണ്ടായിട്ടില്ല. പലിശയ്ക്ക് പണം വാങ്ങി കൃഷിയിറക്കിയവർ കടക്കെണിയിലായി.
മറ്റപ്പള്ളി ഏലായിലെ മോഹനൻ പിള്ള, ഗോപൻ, അശോകൻ, സരസൻ, രവീന്ദ്രനുണ്ണിത്താൻ, ജയൻ, പുരുഷോത്തമനുണ്ണിത്താൻ, രാമചന്ദ്രനുണ്ണിത്താൻ, കൃഷ്ണനുണ്ണിത്താൻ എന്നീ കർഷകരുടെ അദ്ധ്വാനങ്ങളും കാട്ടുപന്നിക്കൂട്ടം കവർന്നു.
സ്വകാര്യ ഭൂമിയിൽ താവളം
ഏലായ്ക്കു വെളിയിലായി സ്വകാര്യ വ്യക്തിയുടെ കുറച്ചു സ്ഥലം കാടു കയറി കിടക്കുകയാണ്. ഇതിനുള്ളിലാണ് പകൽ സമയങ്ങളിൽ പന്നികൾ താവളമടിക്കുന്നത്. ഇവിടം അടിയന്തിരമായി വെട്ടിത്തെളിച്ചാൽ പന്നികളുടെ താവളം ഇല്ലാതാകുമെന്നാണ് കർഷകർ പറയുന്നു .