തുറവൂർ: ചേർത്തല താലൂക്കിന്റെ വടക്ക് പടിഞ്ഞാറൻ മേഖലകളിലെ വെള്ളക്കെട്ടിന് അറുതി വരുത്താൻ അന്ധകാരനഴി പൊഴിമുഖം മുറിച്ചു. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി 3 വലിയ മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ചാണ് മണൽ നീക്കി 6 മീറ്റർ വീതിയിൽ തെക്ക് ഭാഗത്തായി പൊഴിമുറിച്ചത്.

ഇന്നലെയാണ് പൊഴിമുറിക്കൽ ജോലികൾ പൂർത്തിയായത്. ഇതോടെ വേലിയിറക്ക സമയത്ത് വെള്ളം കടലിലേക്കു ഒഴുകിത്തുടങ്ങി. ഇരു സ്പിൽവേയിലെയും ഷട്ടറുകൾ ഉയർത്തി. കളക്ടറുടെ നിർദ്ദേശത്തെ തുടർന്ന് ആഴ്ചകൾക്ക് മുൻപ് മണൽ നീക്കിയെങ്കിലും ശക്തമായ വേലിയേറ്റത്തിൽ മണ്ണിടിഞ്ഞു നീരൊഴുക്ക് തടസപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ മഴ ശക്തമായതോടെയാണ് പൊഴിമുറിക്കൽ ജോലികൾ ആരംഭിച്ചത്. മൈനർ ഇറിഗേഷൻ വകുപ്പ് അധികൃതരുടെ മേൽനോട്ടത്തിലായിരുന്നു ജോലികൾ. ചേർത്തല തഹസിൽദാർ ആർ.ഉഷ,പട്ടണക്കാട് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.പ്രമോദ് തുടങ്ങിയവർ നേതൃത്വം നൽകി. കടക്കരപ്പളളി, വയലാർ , പട്ടണക്കാട്, തുറവുർ ,കുത്തിയതോട് എന്നി പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിലെ നൂറു കണക്കിന് കുടുംബങ്ങളാണ് വെള്ളക്കെട്ടിന്റെ ദുരിതം അനുഭവിക്കുന്നത്‌.