ആലപ്പുഴ: ട്രോളിംഗ് നിരോധനം അവസാനിച്ചെങ്കിലും പച്ചമീൻ കിട്ടാതായതോടെ ഉണക്കമീനിന് വൻ ഡിമാൻഡ്. നേരത്തെ സ്റ്റോക്ക് ചെയ്ത ഉണക്കമീനിന് വ്യാപാരികൾ വില കുത്തനേ ഉയർത്തി. കുറഞ്ഞ വിലക്ക് ലഭിച്ചിരുന്ന ഉണക്ക ചെമ്മീൻ, നങ്ക്, മാന്തൽ, വാള, കുറിച്ചി ഇനങ്ങളിൽപ്പെട്ട ഉണക്കമീനുകൾക്ക് തീവിലയായി.
മൊത്തക്കച്ചവടക്കാരുടെ പൂഴ്ത്തിവയ്പ് കാരണം മറ്റ് ഇനങ്ങൾക്കും തീവിലയാണ്. ഉണക്കച്ചെമ്മീൻ കൂടുതൽ ഉത്പാദിപ്പിക്കുന്നത് മുഹമ്മ, മണ്ണഞ്ചേരി പ്രദേശങ്ങളിലാണ്. നീണ്ടകരയിൽ നിന്നാണ് ഉണക്കമീൻ സംസ്ഥാനത്തെ മിക്ക ജില്ലകളിലും എത്തിച്ചിരുന്നത്. ബോട്ടുകളിൽ നിന്ന് കുറഞ്ഞവിലയ്ക്ക് മത്സ്യം ശേഖരിച്ച് ഉണക്കി സൂക്ഷിക്കുകയാണ് പതിവ്. കടൽക്ഷോഭം മൂലം ബോട്ടുകൾ കടലിൽ പോകാതായതോടെ നിലവിലെ സ്റ്റോക്കിൽ കുറവുള്ള മത്സ്യത്തിന് കൂടുതൽ തുകയാണ് ഇവർ ഈടാക്കുന്നത്.
ജനപ്രിയ ഉണക്കമീനായ കുറിച്ചി, അയല, മത്തി, ചെമ്മീൻ എന്നീ ഇനങ്ങൾ കിട്ടാനില്ല. ഉണക്കച്ചെമ്മീന്‍ 400 ഉം കുറിച്ചിക്ക് 180 രൂപയും വർദ്ധിച്ചിട്ടുണ്ട്. ജില്ലയിലെ എല്ലാ മാർക്കറ്റിലും ഉണക്കമീനിന്റെ ലഭ്യത ഗണ്യമായി കുറഞ്ഞിട്ടുണ്ട്. 180 മുതൽ 400രൂപ വരെ വില വർദ്ധിക്കുകയും ചെയ്തു.
# ഇനം (കിലോ), വില, പഴയ വില
കുറിച്ചി: 340-160
ചെമ്മീൻ: 1200- 800
സ്രാവ്: 800-300
കടവരാൽ:300-80
നെത്തോലി: 600-400
അയല: 700-400
മാന്തൽ-400-160
മുള്ളൻആവോലി-340-200
വാള-360-190
.............................................
ആവശ്യപ്പെടുന്നതിന്റെ മൂന്നിലൊന്ന് കിലോയാണ് മൊത്തക്കച്ചവടക്കാർ നൽകുന്നത്. ഉണക്കമത്സ്യ ക്ഷാമം സൃഷ്ടിച്ച് അടുത്ത ദിവസം ഇതേ മത്സ്യത്തിന് കൂടുതൽ വില ഈടാക്കും
ഉണക്കമീൻ ചെറുകിട വ്യാപാരികൾ