t

ആലപ്പുഴ: കൊവിഡിനെത്തുടർന്ന് യാത്രകൾ മുടങ്ങിയതോടെ ടൂറിസ്റ്റ് ബസുകൾ 'നിർബന്ധിത' കട്ടപ്പുറത്തായി.

കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം പല ഉടമകളും ബസുകൾ കിട്ടുന്ന വിലയ്ക്ക് വിറ്റു തുടങ്ങി.

വിവാഹ, വിനോദ സർവീസുകൾ പൂർണ്ണമായി നിലച്ചതാണ് പ്രതിസന്ധിക്ക് കാരണം. ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത നിറമാക്കാനുള്ള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിട്ടിയുടെ തീരുമാനവും ഉടമകൾക്ക് കൂനിൻമേൽ കുരുവായി നിൽക്കുകയാണ്. നിറംമാറ്റ തീരുമാനം തത്കാലം നടപ്പാക്കാനില്ലെന്ന നിലപാടിലാണ് ഉടമകൾ. കഴിഞ്ഞ മാർച്ച് മുതലാണ് ബസുകളുടെ സർവീസ് പൂർണ്ണമായും നിലച്ചത്. തുടർന്ന് റോഡ്ടാക്സ് ഒഴിവായി കിട്ടാൻ ജി ഫോം നൽകിയിരിക്കുകയാണ്. ആഗസ്റ്റ് 31നാണ് ജി ഫോമിന്റെ കാലാവധി തീരുന്നത്. ജി ഫോം കാലാവധി സമയത്ത് നിരത്തിലിറക്കിയാൽ ഇളവ് ലഭിച്ച ടാക്സും പിഴയും നഷ്ടമാവും. കാലാവധി നീട്ടിക്കിട്ടാൻ അപേക്ഷ നൽകിയിരിക്കുകയാണ് ഉടമകൾ.

സർവീസുകൾ മുടങ്ങിയതിനാൽ ബസുകളുടെ അറ്റകുറ്റപ്പണി കൂടും. ടയറുകൾക്കും എസിക്കുമായിരിക്കും വലിയ തുക ചെലവഴിക്കേണ്ടിവരിക. കഴിഞ്ഞ മാർച്ചിൽ ഹരിപ്പാട് മേഖലയിൽ 50 സീറ്റുള്ള അഞ്ച് എസി ടൂറിസ്റ്റ് ബസുകൾ ഒരാൾ വാങ്ങിയെങ്കിലും ഒന്നു പോലും കന്നിയോട്ടം നടത്തിയില്ല. 60- 65 ലക്ഷം വരെ ചെലവഴിച്ചാണ് ബസുകൾ വാങ്ങിയത്.

# തെന്നിമറിഞ്ഞ് സീസൺ

ജനുവരി മുതൽ മേയ് വരെയാണ് ടൂറിസ്റ്റ് ബസുകളുടെ സീസൺ. 20, 25, 40, 50 എന്നിങ്ങനെയാണ് സീറ്റിംഗ് കപ്പാസിറ്റി. 50,000- 60,000 രൂപ വരെയാണ് ഓരോ മൂന്ന് മാസം കൂടുമ്പോഴും എ സി ബസുകളുടെ ടാക്‌സ്. ഇതേ സീറ്റിംഗ് കപ്പാസിറ്റിയിലുള്ള നോൺ എ.സി ബസുകൾക്ക് 56,000 രൂപയും. ജൂൺ മുതൽ ഡിസംബർ വരെയുള്ള മാസങ്ങളിൽ വിവാഹ ചടങ്ങുകൾ മാത്രമാണ് പ്രധാന വരുമാന മാർഗ്ഗം. സർവീസ് ഇല്ലെങ്കിലും മാനേജർക്കും സെക്യൂരിറ്റി ജീവനക്കാർക്കും സ്ഥിരമായി ശമ്പളം നൽകുന്നുണ്ട്. ഒറ്റ ബസ് മാത്രമുള്ളവർ ഈ ജീവനക്കാരെ ഒഴിവാക്കിയിട്ടുണ്ട്.

........................................

 650: ജില്ലയിലെ ടൂറിസ്റ്റ് ബസുകൾ

 400: ടൂറിസ്റ്റ് ബസ് ഉടമകൾ

............................................

# ബുക്കിംഗ് വഴിമാറുന്നു

കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ബുക്ക് ചെയ്തിരുന്ന പല വിവാഹ ഓട്ടങ്ങളും ആഗസ്റ്റ്, സെപ്തംബർ മാസങ്ങളിലേക്ക് മാറ്റിയിരുന്നു. എന്നാൽ ആൾക്കൂട്ടം പാടില്ലെന്ന നിർദ്ദേശം മൂലം ബുക്കിംഗ് കാൻസൽ ചെയ്യുന്ന അവസ്ഥയാണ്. ഇനി എന്ന് ഓട്ടം കിട്ടുമെന്ന് യാതൊരു ഉറപ്പുമില്ല.

# ഗാരേജില്ല

ടൂറിസ്റ്റ് ബസുകളുടെ അറ്റകുറ്റപ്പണി നടത്താൻ നല്ല ഗാരേജ് സംവിധാനം ജില്ലയിൽ ഇല്ല. കാലടി, അടൂർ, കോട്ടയം, പെരുമ്പാവൂർ എന്നിവടങ്ങളിലെ വർക്ക് ഷോപ്പുകൾ ആണ് ആശ്രയം. ഒരു ബസിന് പെയിന്റിംഗ്, അനുബന്ധ ജോലികൾ പൂർത്തിയാക്കാൻ കുറഞ്ഞത് 15 ദിവസം വേണ്ടി വരും.

......................................

സ്വകാര്യ ബസുകളുടെ നിറം മാറ്റാൻ എടുത്ത തീരുമാനം പൂർണ്ണമായും പിൻവലിക്കണം. ഉടമകൾക്കും ജീവനക്കാർക്കും സഹായം നൽകാൻ സർക്കാർ അടിയന്തരമായി ഇടപെടണം

(ടൂറിസ്റ്റ് ബസ് ഉടമകൾ)