അമ്പലപ്പുഴ:ആലുവ കടുങ്ങല്ലൂർ സ്വദേശികളായ നന്ദിനി- രാജു ദമ്പതികളുടെ മകൻ, മൂന്നു വയസുകാരനായ പൃഥ്വിരാജ് മരിച്ച സംഭവത്തിൽ ആലപ്പുഴ മെഡി. ആശുപത്രിയിലെ ശിശുരോഗ വിഭാഗത്തിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.ആർ.വി.രാംലാൽ പറഞ്ഞു.

ചികിത്സ കിട്ടാതെയാണ് കുട്ടി മരിച്ചതെന്ന് ബന്ധുക്കൾ പരാതി പറഞ്ഞതിനെ തുടർന്നാണ് സൂപ്രണ്ട് വിശദീകരണക്കുറിപ്പ് ഇറക്കിയത്. ശനി​യാഴ്ച വൈകിട്ട് 2.30നാണ് കുട്ടി​യെ ആശുപത്രി​യി​ൽ എത്തി​ച്ചത്. രാവിലെ നാണയം വിഴുങ്ങി എന്നാണ് അമ്മ പറഞ്ഞത്. കുട്ടിക്ക്‌ ശ്വാസം മുട്ടലോ മറ്റ്‌ അസുഖങ്ങളോ ഉണ്ടായിരുന്നില്ല. പരിശോധനയിലും ശ്വാസതടസമോ വയർ പെരുക്കമോ കാണാനായി​ല്ല. എടുത്ത രണ്ട് എക്സ് റെകളിലും നാണയത്തിന്റെ നിഴൽ ആമാശയത്തിലായിരുന്നു. കുട്ടിയെ പീഡിയാട്രിക് മെഡിസിൻ, പീഡിയാട്രിക് സർജറി വിഭാഗങ്ങളിലെ ഡോക്ടർമാർ പരിശോധിച്ചു. ഓപ്പറേഷൻ നടത്തുകയോ ട്യൂബ് ഇട്ടു നോക്കേണ്ട ആവശ്യമോ ഇല്ലായിരുന്നു. സാധാരണ ഭക്ഷണം നൽകാനും ധാരാളം വെള്ളം കുടിപ്പിക്കാനും മലം നിരീക്ഷിക്കാനും അമ്മയെ ഉപദേശിച്ചു. ആവശ്യമുണ്ടെങ്കിൽ ഒരാഴ്ച കഴിഞ്ഞ് വരാനും പറഞ്ഞു. ഡിസ്ചാർജ് ചെയ്യുന്ന സമയത്ത് കുട്ടി പൂർണ ആരോഗ്യവാൻ ആയിരുന്നെന്നും ഡോ.ആർ.വി.രാംലാൽ പത്രക്കുറിപ്പിൽ പറഞ്ഞു.