ആലപ്പുഴ നഗരസഭയിൽ ബൃഹദ് പദ്ധതികൾ
ആഗസ്റ്റ് 30ന് മുമ്പ് പൂർത്തീകരിക്കുക ലക്ഷ്യം
ആലപ്പുഴ: നഗരസഭയിൽ കേന്ദ്ര,സംസ്ഥാന സർക്കാരുകളുടെ 485 കോടി ചെലവഴിച്ച് നടപ്പാക്കുന്നത് വൻ പദ്ധതികൾ. അമൃത് പദ്ധതി, ഗ്രാമീണ റോഡുകളുടെ നവീകരണം, സമ്പൂർണ്ണ പാർപ്പിട പദ്ധതി, കുടിവെള്ളം ഹൗസ് കണക്ഷൻ, കടലോര-കായലോര മത്സ്യത്തൊഴിലാളികൾക്ക് വീടുകളുടെ പുനരുദ്ധാരണം, ജനറൽ വിഭാഗത്തിന് വീടുകളുടെ പുനരുദ്ധാരണ പദ്ധതി, വിവിധ സാമൂഹ്യക്ഷേമ പദ്ധതികൾ തുടങ്ങിയവയാണ് അണിയറയിൽ പുരോഗമിക്കുന്നത്.
എല്ലാ വാർഡുകളിലും കുടിവെളളം എത്തിക്കാൻ കഴിയുന്നതാണ് അമൃത് പദ്ധതി. കാലപ്പഴക്കം ചെന്ന പൈപ്പുകൾ മാറ്റി പുതിയവ സ്ഥാപിക്കുക, സംരക്ഷണ ഭിത്തി, നടപ്പാത, പാലങ്ങൾ, കുടിവെള്ള ടാങ്ക്, ദ്രവമാലിന്യ സംസ്കരണ പ്ളാന്റ് എന്നിവയാണ്ണ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. എല്ലാവർക്കും സുരക്ഷിത വീട് എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ നാലുവർഷത്തിനുള്ളിൽ 3000 വീടുകൾ നൽകി. 4 ലക്ഷം രൂപ ചെലവ് വരുന്ന വീടുകൾക്ക് 1.5 ലക്ഷം രൂപ നഗരസഭയാണ് നൽകുന്നത്. ശേഷിച്ച തുക കേന്ദ്ര-സംസ്ഥാന സർക്കാരുകളുടേതും. നഗരസഭയിലെ മുഴുവൻ വാർഡുകളിലെയും ഗ്രാമീണ റോഡുകളുടെ പുനർ നിർമ്മാണത്തിന് ഒരു വാർഡിൽ 30 ലക്ഷം രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്.
25 മുതൽ 34 വരെ വീടുകളാണ് ഓരോ വാർഡിലും നൽകുന്നത്. മത്സ്യത്തൊഴിലാളികൾക്ക് ഭവന പുനർ നിമ്മാണത്തിന് 40,000 രൂപ വീതം നൽകുന്ന പദ്ധതിയുമുണ്ട്. നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്കൂൾ കെട്ടിടങ്ങളുടെ നവീകരണത്തിനും സ്മാർട്ട് ക്ളാസ് റൂം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസനത്തിനും വിവിധ പദ്ധതികൾ നടപ്പാക്കുന്നുണ്ട്. നഗരസഭ ശതാബ്ദിമന്ദിരം, എയ്റോബിക് കമ്പോസ്റ്റ് സെന്ററുകളുടെ നവീകരണം, ഭിന്നശേഷിക്കാർക്കുള്ള തെറാപ്പിക് സെന്റർ, വിഷരഹിത പച്ചക്കറിയും നെല്ല് ഉത്പാദനവും, ഓൺലൈൻ പഠനത്തിന് ടി.വി, കനാൽ നവീകരണം, സമ്പൂർണ പാർപ്പിടം തുടങ്ങിയവയുടെ ഉദ്ഘാടനത്തിന് സജ്ജമാകുന്നത്.
3 ജനകീയ ഹോട്ടലുകൾ
20 രൂപയ്ക്ക് ഊണുകിട്ടുന്ന ജനകീയ ഹോട്ടലിൽ ആദ്യത്തേതിന് പഴവീട്ടിൽ കഴിഞ്ഞ ദിവസം തുടക്കമായി. രണ്ടെണ്ണം കൂടി ആരംഭിക്കും. എല്ലാ പദ്ധതികളും ആഗസ്റ്റ് 30ന് മുമ്പ് പൂർത്തീകരിക്കുകയാണ് ലക്ഷ്യം. ആരോഗ്യ മേഖലയിൽ ശുചിത്വം ഉറപ്പാക്കാൻ 100 താത്കാലിക ശുചീകരണ തൊഴിലാളികളെ നിയമിച്ചു.
.........................................
# പ്രധാന പദ്ധതികളും തുകയും (കോടിയിൽ)
അമൃത് പദ്ധതി: 300
ഭവന നിർമ്മാണം:100
നഗരസഭ ശതാബ്ദിമന്ദിരം: 11
ഗ്രാമീണ റോഡുകൾ: 5
ഭവന പുനർ നിർമ്മാണം: 24.5
വിദ്യാഭ്യാസ മേഖല: 15
വൈദ്യുതി: 5
............................................
അടുത്ത തിരഞ്ഞെടുപ്പിന് മുമ്പ് മുഴുവൻ പദ്ധതികളും പൂർത്തീകരിക്കുകയാണ് നഗരസഭയുടെ ലക്ഷ്യം. ദീർഘവീക്ഷണത്തോടെ രൂപം കൊടുത്ത പദ്ധതികൾ അഴിമതി രഹിതമായി നടപ്പാക്കും
(ഇല്ലിക്കൽ കുഞ്ഞുമോൻ, ചെയർമാൻ, നഗരസഭ)
......................................
നഗരസഭയുടെ പൊതു വികസനത്തിനാണ് യു.ഡി.എഫ് ഭരണസമിതി മുൻഗണന നൽകുന്നത്. ജനങ്ങളുടെ ആവശ്യം അറിഞ്ഞുള്ള പദ്ധതികളാണ് നാലുവർഷമായി നടപ്പാക്കുന്നത്
ബഷീർ കോയാപറമ്പിൽ, ചെയർമാൻ, വകസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി