ambala

 30 കുടുംബങ്ങൾക്ക് ഇത് 'വാർഷിക' ദുരിതം

അമ്പലപ്പുഴ: അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് രണ്ടാം വാർഡ് കാക്കാഴം പാലൂക്കരി പാടശേഖരത്തിന് ചുറ്റുമുള്ള അംബേദ്ക്കർ കോളനിയിലെ 30 ഓളം കുടുംബങ്ങൾ വെള്ളക്കെട്ടുമൂലം വീടിന് പുറത്തിറങ്ങാനാവാത്ത അവസ്ഥയിൽ.

മോട്ടോർ തകരാറിലായതിനാൽ കൃഷി ചെയ്യാൻ കഴിയുന്നില്ലെന്നാണ് പാടശേഖര സമിതിക്കാർ അറിയിച്ചതെന്ന് നാട്ടുകാർ പറയുന്നു.എന്നാൽ കഴിഞ്ഞ വർഷവും ഇതേ കാരണം പറഞ്ഞ് സർക്കാരിൽ നിന്ന് പാടശേഖര സമിതി ഭാരവാഹികൾ പണം വാങ്ങിയെന്നാണ് പരിസര വാസികളുടെ പരാതി.ഇത്തവണ കൃഷി ചെയ്യാതെ പാടശേഖരത്ത് വെള്ളം കയറ്റിയതോടെയാണ് സമീപവാസികൾക്ക് പുറത്തിറങ്ങാൻ കഴിയാതെ വന്നത്. കാൻസർ, വൃക്ക രോഗികളും കുട്ടികളും ഉൾപ്പെടെയുള്ളവരും പുറം ലോകം കാണാൻ കഴിയാതെ നരകയാതന അനുഭവിക്കുകയാണ്. കൊവിഡ് കാലമായതിനാൽ ദുരിതാശ്വാസ ക്യാമ്പുകളിലേക്കും മാറാൻ കഴിയാത്ത സ്ഥിതിയായി.

 സമരത്തിലേക്ക്

വെള്ളക്കെട്ടായതോടെ വീടുകളിൽ പ്രാഥമിക സൗകര്യം പോലും നിർവഹിക്കാൻ കഴിയാത്ത അവസ്ഥയായെന്നാണ് നാട്ടുകാർ പറയുന്നത്.പാടശേഖര സമിതിയുമായി ബന്ധപ്പെട്ട് വെള്ളക്കെട്ടിന് അടിയന്തിര പരിഹാരം കാണാൻ അധികൃതർ തയ്യാറായില്ലെങ്കിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരെ പങ്കെടുപ്പിച്ചു കൊണ്ട് സമരം സംഘടിപ്പിക്കാനാണ് നാട്ടുകാരുടെ തീരുമാനം.