പൂച്ചാക്കൽ: പെരുമ്പളം പഞ്ചായത്തിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്, കുടുംബാരോഗ്യ കേന്ദ്രമെന്ന പദവി നൽകുന്ന ചടങ്ങിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നിർവഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ അദ്ധ്യക്ഷത വഹിക്കും. യോഗത്തിൽ ആരോഗ്യ വകുപ്പു പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ ഖോബ്രഗഡെ സ്വാഗതവും നാഷണൽ ഹെൽത്ത് മിഷൻ ഡയറക്ടർ രത്തൻ ഖേൽക്കർ റിപ്പോർട്ടും അവതരിപ്പിക്കും.
ആഴ്ചയിൽ രണ്ടു ദിവസം മാത്രം ഡോക്ടറുടെ സേവനം ലഭ്യമായിരുന്ന സ്ഥിതിയിൽ നിന്നാണ് കുടുംബാരോഗ്യ കേന്ദ്രമെന്ന പദവിയിലേക്ക് എത്തിയത്. ഇതോടെ ആർദ്രം പദ്ധതിയനുസരിച്ചുള്ള എല്ലാ സേവനങ്ങളും ലഭ്യമാകും. ഇപ്പോൾ 26 കിടക്കകളുള്ള ഐ.പിവിഭാഗവും ഒ.പിയും ആധുനിക രീതിയിലുള്ള ലാബും ഇ.സി.ജിയും ആറു ഡോക്ടർമാരുടെ സേവനവും കിട്ടുന്നുണ്ട്.
പെരുമ്പളം ഹെൽത്ത് സെന്ററിൽ നടക്കുന്ന ലളിതമായ ചടങ്ങിൽ തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ശെൽവരാജ്, പഞ്ചായത്ത് പ്രസിഡന്റ് ഷിബു, മെഡിക്കൽ ഓഫീസർ ഡോ. ഷാഹുൽ എന്നിവർ പങ്കെടുക്കും.
ജില്ലയിലെ വടക്കെ അറ്റത്തുള്ള ദ്വീപാണ് പെരുമ്പളം പഞ്ചായത്ത്. 13 വാർഡുകളിലായി 12,000 പേരാണ് ഇവിടെയുള്ളത്. പാണാവള്ളിയിൽ നിന്നും പൂത്തോട്ടയിൽ നിന്നും ബോട്ട് സർവ്വീസും അത്യാവശ്യങ്ങൾക്കായി ആംബുലൻസ് ബോട്ട് സൗകര്യവും ഉണ്ട്.