ആലപ്പുഴ:ജില്ലാ പഞ്ചായത്തിലെ ഓരോ ഡിവിഷനിലും കൊവിഡ് സ്രവ പരിശോധനയ്ക്കായി കിയോസ്‌ക് തുടങ്ങാൻ ജില്ലാ പഞ്ചായത്ത് തീരുമാനിച്ചു. ജില്ലയിൽ ആകെ 23 കിയോസ്‌കുകളാണ് ആരംഭിക്കുക. ഇതിന് പുറമെ, ആന്റിജൻ ടെസ്റ്റിനായി 50,000 കിറ്റുകളും ജില്ലാപഞ്ചായത്ത് സ്പോൺസർ ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ നടന്ന ജില്ലാ പഞ്ചായത്ത് കൗൺസിൽ ആണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്.

കഴിഞ്ഞ ദിവസം കളക്ടർ എ. അലക്‌സാണ്ടറും ജില്ലാ മെഡിക്കൽ ഓഫീസറും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായി ഇതു സംബന്ധിച്ച് ചർച്ച നടത്തിയിരുന്നു. ജില്ലാ പഞ്ചായത്തിലെ ഓരോ ഡിവിഷനിലെയും പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലോ സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളിലൊ ഈ കിയോസ്‌കുകൾ സ്ഥാപിക്കും. കിയോസ്‌കുകൾക്കും ആന്റിജൻ കിറ്റിനുമായി ആകെ 3.40 കോടി ജില്ലാ പഞ്ചായത്ത് മാറ്റിവയ്ക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു. മെഡിക്കൽ കോളേജിൽ കഴിഞ്ഞ രണ്ടുമാസമായി രോഗികൾക്കും ജീവനക്കാർക്കുമുള്ള ഭക്ഷണം വിതരണം ചെയ്യുന്നത് ജില്ലാ പഞ്ചായത്ത് ആണ്. ദിവസേന 550 പേർക്കുള്ള ഭക്ഷണമാണ് ഇപ്പോൾ വിതരണം ചെയ്യുന്നത്.