കുട്ടനാട്: മഴ ശക്തമായതോടെ, ഒന്നരമാസത്തിലേറെ പ്രായമായ നെൽച്ചെടികൾ കഴുത്തറ്റംവരെ വെള്ളത്തിൽ മുങ്ങിയത് കുട്ടനാട്ടിൽ രണ്ടാംകൃഷി ഇറക്കിയ കർഷകരെ ആശങ്കയിലാക്കുന്നു.
കൈനകരി, കാവാലം, നെടുമുടി, എടത്വ തുടങ്ങിയ കൃഷിഭവനുകൾക്ക് കീഴിലായി ഏക്കർ കണക്കിന് വിസ്തൃതിവരുന്ന പാടശേഖരങ്ങളിലാണ് ഇക്കുറി രണ്ടാംകൃഷി ഇറക്കിയിട്ടുള്ളത്. ഒരേക്കറിലെ കൃഷിക്കുതന്നെ ഇക്കുറി വൻതുക ചെലവായതായി. കൃഷി ആരംഭത്തിൽത്തന്നെ പാടശേഖരസമിതികളുടെ നേതൃത്വത്തിൽ ബണ്ടു നിർമ്മാണം നടന്നു. ട്രാക്ടറും ടില്ലറും ആശ്രയിച്ചുള്ള നിലമുഴൽ, വിത, വളമിടൽ, നടീൽ തുടങ്ങിയ ജോലികൾക്കും മറ്റുമായി ചെലവിട്ടതുൾപ്പെടെ ഇക്കുറി ഏക്കറിന് വൻ തുകയാണ് ചെലവായത്. വരുംദിവസങ്ങളിൽ മഴ തുടർന്നാൽ പാടശേഖരങ്ങളിലെ ഇപ്പോഴത്തെ ജലനിരപ്പ് ഇനിയും വർദ്ധിക്കും. ഒന്നര, രണ്ടുമാസം പ്രായമായ നെൽച്ചെടികൾ വെള്ളത്തിൽ നശിക്കാനും വഴിയൊരുങ്ങും. കാലവർഷത്തിന് പുറമെ ഇടവിട്ടുള്ള വൈദ്യുതി തടസം കാരണം മോട്ടോറുകൾ പ്രവർത്തിപ്പിക്കാൻ കഴിയാതെവരുന്നതും പാടശേഖരങ്ങളിൽ വെള്ളം നിറയുന്നതിന് കാരണമാകുകയാണ്.
കൃത്യമായി വൈദ്യുതി ലഭിച്ചാൽ മാത്രമേ തുടരെ മോട്ടോറുകൾ പ്രവർത്തിപ്പിക്കാനാവൂ. പാടശേഖരത്തെ മൊത്തത്തിൽ സംരക്ഷിക്കാൻ വൈദ്യുതി തടസം ഒഴിവാക്കാനുള്ള നടപടികൾ അധികൃതർ സ്വീകരിക്കണമെന്ന് സമിതി ഭാരവാഹികൾ ആവശ്യപ്പെടുന്നു.