tv-r

തുറവൂർ: ട്രോളിംഗ് നിരോധനം അവസാനിച്ചെങ്കിലും വറുതിയും ആശങ്കയും വിട്ടുമാറാതെ തീരദേശം. കൊവിഡ് വ്യാപനം മൂലം തീരദേശത്തെ ഒട്ടുമിക്ക പ്രദേശങ്ങളിലും ലോക്ക്ഡൗൺ നിലനിൽക്കുന്നതിനാൽ വല്ലാത്ത ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നത്. ചെല്ലാനം ഹാർബർ കേന്ദ്രീകരിച്ച് മത്സ്യ ബന്ധനത്തിനു പോകുന്ന നിരവധി മത്സ്യത്തൊഴിലാളികൾക്ക് കൊവിഡ് പോസിറ്റീവ് ആകുകയും ചികിത്സയ്ക്കു ശേഷം ഇപ്പോൾ ക്വാറന്റൈനിൽ തുടരുകയുമാണ്. കൂടാതെ നിരവധി മത്സ്യത്തൊഴിലാളികളുടെ കൊവിഡ് പരിശോധനാ ഫലം ഇനിയും ലഭിക്കാനുണ്ട്.

ചേർത്തല ഒറ്റമശേരി മുതൽ വടക്കോട്ട് കൊച്ചി കണ്ടക്കടവ് വരെയുള്ള 500 ഓളം വള്ളങ്ങൾ ചെല്ലാനം ഹാർബർ കേന്ദ്രീകരിച്ചാണ് ഇറങ്ങുന്നത്. ഹാർബർ പൂർണ്ണമായി അടച്ചിരിക്കുന്നതുമൂലം ഇവിടെ മത്സ്യ ബന്ധനവും വിപണനവും നടക്കാത്ത അവസ്ഥയാണ്. കൊവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ചെല്ലാനം ഹാർബറിൽ നിറുത്തിയിട്ടിരിക്കുന്ന വള്ളങ്ങളുമായി ഫോർട്ടുകൊച്ചിയിലേക്ക് പോകാനും സാധിക്കാത്ത അവസ്ഥയാണ്. കൊവിഡ് ഭീതിയും നിയന്ത്രണങ്ങളുമൊഴിഞ്ഞ് തൊഴിലെടുത്ത് പട്ടിണിയകറ്റാൻ ഇനിയും നാളുകൾ കാത്തിരിക്കേണ്ട അവസ്ഥയാണ് മത്സ്യത്തൊഴിലാളികൾക്കുള്ളത്.

മൂന്നു മാസംമുമ്പ് ട്രോളിംഗ് നിരോധനം ആരംഭിച്ച സമയത്ത് ചെറുവള്ളങ്ങളിലും മുറിവള്ളങ്ങളിലും മത്സ്യ ബന്ധനത്തിനു പോയ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ചെറിയ തോതിൽ മത്സ്യം ലഭിച്ചു തുടങ്ങിയ നേരത്താണ് തീരദേശത്ത് കൊവിഡ് വ്യാപിച്ചത്. ഇതോടെ വരുമാനം നിലച്ച് തീരത്തെ നൂറുകണക്കിന് കുടുംബങ്ങൾ കൊടും വറുതിയിലായി. കടൽക്ഷോഭത്തിനും കൊവിഡിനുമിടയിലെ ദയനീയാവസ്ഥയറിഞ്ഞു രാഷ്ട്രീയ പാർട്ടികളും സംഘടനകളും വ്യക്തികളും എത്തിച്ചു നൽകിയ ഭക്ഷ്യസാധന കിറ്റുകളാണ് ഒരു പരിധി വരെ പല കുടുംബങ്ങളിലും പട്ടിണിയകറ്റിയത്.