ചേർത്തല: സുപ്രീംകോടതി അഭിഭാഷകനുൾപ്പെട്ട ക്വട്ടേഷൻ അക്രമത്തെ കുറിച്ചുള്ള തുടരന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി.
ജൂൺ 30 ന് നടന്ന അക്രമം ചേർത്തല സി.ഐയുടെ നേതൃത്വത്തിലായിരുന്നു അന്വേഷിച്ചിരുന്നത്.
ഇതിനിടെ അപ്രതീക്ഷിതമായി അന്വേഷണം ഡി.സി.ആർ.ബി ഡിവൈ.എസ്.പിക്കു കൈമാറുകയായിരുന്നു. ഇത് ഏറെ ആക്ഷേപങ്ങൾക്ക് ഇടയാക്കിയതോടെ, ആക്രമണത്തിൽ പരിക്കേറ്റ ചേർത്തല കുന്നേവെളിയിൽ സുരേഷ് (48) ഹൈക്കോടതിയെ സമീപിച്ചു. ഇതോടെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്.
ബന്ധുവുമായുള്ള വഴിത്തർക്കത്തെ തുടർന്ന് അഭിഭാഷകൻ കൊലക്കേസ് പ്രതിയടക്കമുള്ള ഗുണ്ടാസംഘത്തെ അക്രമത്തിന് നിയോഗിച്ചതായാണ് കേസ്. അവർ നടത്തിയ അക്രമത്തിൽ സുരേഷിനും സഹോദരിക്കും പരിക്കേറ്റിരുന്നു. സംഭവത്തിൽ കൊലക്കേസിൽ ശിക്ഷയനുഭവിച്ച് പരോളിൽ പുറത്തിറങ്ങിയ യുവാവ് ഉൾപ്പെടെയുള്ള ഗുണ്ടാസംഘത്തെ സംഭവ സ്ഥലത്തുനിന്നുതന്നെ പൊലീസ് പിടികൂടിയിരുന്നു.
ഒന്നാം പ്രതി അരീപ്പറമ്പ് സ്വദേശിയായ അഭിഭാഷകൻ ബാലകൃഷ്ണപിള്ളയെ ഒരു മാസം പിന്നിടുമ്പോഴും പിടിക്കാനായിട്ടില്ല.ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ 16ന് കോടതി തള്ളിയിരുന്നു.ഒന്നാം പ്രതിക്കൊപ്പം ക്വട്ടേഷൻ ഏർപ്പാടാക്കിയ ഇടനിലാക്കാരനായ ചേർത്തല സ്വദേശിയെയും പിടികൂടാനുണ്ട്.