ആലപ്പുഴ: കൊവിഡ് ഭീതിയിലായ ആലപ്പുഴ സൗത്ത് സ്റ്റേഷനിലെ പൊലീസുകാരെ, ആന്റിജൻ ടെസ്റ്റിന് ശേഷം 14 ദിവസത്തെ ക്വാറന്റൈൻ പൂർത്തിയാക്കും മുമ്പ് ജോലിയിലേക്ക് തിരികെ വിളിച്ചു. എന്നാൽ ആശങ്കയ്ക്ക് വകയില്ലെന്നും ആന്റിബോഡി, ആന്റിജൻ പരിശോധനകളിൽ നെഗറ്റീവെന്ന് കണ്ടെത്തിയവരെയാണ് വീണ്ടും ഡ്യൂട്ടിക്ക് നിയോഗിച്ചതെന്നും ജില്ലാ പൊലീസ് മേധാവി പി.എസ്.സാബു വ്യക്തമാക്കി.
സൗത്ത് സ്റ്റേഷനിലെ എ.എസ്.ഐ ഉൾപ്പെടെ 9 പൊലീസുകാർക്ക് കൊവിഡ് പോസിറ്റീവായതോടെയാണ് ഇവരുമായി സമ്പർക്കമുള്ള ഉദ്യോഗസ്ഥർക്ക് ആന്റിജൻ പരിശോധന നടത്തിയത്. 23, 24 തീയതികളിലായിരുന്നു ടെസ്റ്റ്. ടെസ്റ്റിന് ശേഷം നിർബന്ധമായും 14 ദിവസം ക്വാറന്റൈനിൽ കഴിയണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം. അണുനശീകരണം നടത്തി അടച്ചിട്ടിരുന്ന സ്റ്റേഷൻ കെട്ടിടം പ്രവർത്തനമാരംഭിച്ചതോടെ, ഉദ്യോഗസ്ഥരെ വീണ്ടും ഡ്യൂട്ടിക്ക് നിയോഗിക്കുകയായിരുന്നു. വനിതാ പൊലീസ് ഉൾപ്പെടെയുള്ള ജീവനക്കാരാണ് നിരീക്ഷണകാലയളവിൽ ജോലിക്കെത്തിയിരിക്കുന്നത്.
അത്യാവശ്യം ജീവനക്കാരെ മാത്രം നിയോഗിച്ചാണ് സ്റ്റേഷന്റെ പ്രതിദിന പ്രവർത്തനങ്ങൾ നീങ്ങുന്നത്. കഴിഞ്ഞ ദിവസവും ഏതാനും പൊലീസുകാർക്ക് ടെസ്റ്റ് നടത്തിയിരുന്നു.
......................................
ആന്റിജൻ ടെസ്റ്റിൽ ഫലം നെഗറ്റീവെന്ന് കാണിച്ചാലും, തുടർന്നുള്ള ദിവസങ്ങളിൽ പോസിറ്റീവാകാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല. ഇതിനാൽ രോഗിയുമായി സമ്പർക്കമുണ്ടായിട്ടുള്ളതും, ടെസ്റ്റ് നടത്തിയിട്ടുള്ളതുമായ വ്യക്തികൾ 14 ദിവസം ക്വാറന്റൈൻ പാലിക്കണം
ആരോഗ്യവകുപ്പ് അധികൃതർ
................................
പൊലീസ് ഉദ്യോഗസ്ഥർക്ക് ആന്റിബോഡി ടെസ്റ്റാണ് നടത്തിയത്. അതിൽ സംശയം തോന്നിയവർക്ക് ആന്റിജൻ പരിശോധനയും നടത്തിയിട്ടുണ്ട്. ഈ പരിശോധനയിലും പോസിറ്റീവ് കാണിച്ചാൽ മാത്രമേ ക്വാറന്റൈൻ ആവശ്യമുള്ളൂ
പി.എസ്.സാബു, ജില്ലാ പൊലീസ് മേധാവി