ആലപ്പുഴ: ആകർഷകമായ നിറങ്ങളും ഡിസൈനും വിലക്കുറവും കൊണ്ട് വീടുകളിൽ ഇടം പിടിച്ച ചൈനീസ് ഉത്പന്നങ്ങളുടെ വരവിന് കൊവിഡ് തടയിട്ടതോടെ പ്രാദേശിക ഉത്പന്നങ്ങൾക്ക് ഡിമാൻഡ് കൂടി. നാടൻ ഈർക്കിൽ ചൂലിനാണ് ആവശ്യക്കാരുള്ളത്.
ചൈനീസ് കടന്നുകയറ്റത്തോടെ അടിപതറിയ നാടൻ ഉത്പന്ന നിർമ്മാണ മേഖലയും തിരിച്ചുവരവിന്റെ പാതയിലാണ്. ജനുവരി, ഫെബ്രുവരി മാസങ്ങളിലെത്തിയ സ്റ്റോക്കാണ് മാർജിൻ ഫ്രീ ഷോപ്പുകളിലടക്കം ഉള്ളത്. ഇവ തീരാറായി. പകരം ഉത്പന്നങ്ങൾ എത്തുന്നില്ല. ഇതോടെയാണ് കച്ചവടക്കാരും ഉപഭോക്താക്കളും പ്രാദേശിക ഉത്പന്നങ്ങൾ തേടിയിറങ്ങിയത്. എന്നാൽ നാടൻ ഉത്പന്നങ്ങൾ നിർമ്മിക്കുന്നവരും പ്രതിസന്ധിയിലാണെന്നതാണ് മറ്റൊരു പ്രശ്നം. മുതിർന്ന തലമുറക്കാർക്കാണ് ഈർക്കിൽ ചൂൽ നിർമ്മാണത്തിൽ പരിചയമുള്ളത്. സംഗതി ഏറെ ലളിതമാണെങ്കിലും പുതുതലമുറയിൽ പലരും ഇവയുടെ നിർമ്മാണ രീതി പോലും കണ്ടിട്ടില്ല.
മുറ്റമടിക്കാനുള്ള ഈർക്കിൽ ചൂൽ വരെ ഓൺലൈനിൽ ലഭ്യമാണ്. കടകളിൽ 40 രൂപയിലാണ് ഈർക്കിൽ ചൂലിന്റെ വില ആരംഭിക്കുന്നത്. പ്ലാസ്റ്റിക്ക് ചൂലുകൾക്ക് 90 മുതലാണ് വില. ബ്രഷുകൾക്കു വേണ്ട പ്ളാസ്റ്റിക് നൈലോൺ ബ്രസ്സിലുകൾ ഇറക്കുമതി ചെയ്യാത്തതുമൂലം ഇവയുടെ ഉത്പാദനം നടക്കുന്നില്ല. പ്ലാസ്റ്റിക് പിടിയിൽ തീർത്ത പുൽ ചൂലുകളും വിപണിയിൽ ലഭ്യമാണ്. എന്നാൽ മഴക്കാലത്ത് ഉപയോഗിക്കാനുള്ള പ്രയാസം മൂലം ഇവയ്ക്ക് കാര്യമായ ഡിമാൻഡില്ല. കൂടുതൽ കാലം ഈടുനിൽക്കുന്നതും, പ്രകൃതി സൗഹൃദവുമായതിനാൽ ഈർക്കിൽ ചൂലുകൾക്കാണ് മഴക്കാലത്തും ആവശ്യക്കാർ കൂടുതലുള്ളത്.
............................
ഈർക്കിൽ ചൂൽ: 40 രൂപ മുതൽ
പ്ലാസ്റ്റിക് ചൂൽ: 90 രൂപ മുതൽ
....................
പ്ലാസ്റ്റിക്ക് ഉത്പന്നങ്ങൾ ഇപ്പോൾ എത്തുന്നില്ല. അതുകൊണ്ട് തന്നെ പ്രാദേശിക ഉത്പന്നങ്ങൾക്കാണ് ഡിമാൻഡ്. ഈർക്കിൽ ചൂലു കൊണ്ട് വൃത്തിയാക്കുന്നതുപോലെ പ്ലാസ്റ്റിക് ചൂലു കൊണ്ട് സാധിക്കാറില്ല. അതുകൊണ്ട് തന്നെ ആവശ്യക്കാരും കൂടുന്നു
റിഷാദ്, വ്യാപാരി