ആലപ്പുഴ: ആളും ആരവവും നിർബന്ധപൂർവ്വം ഒഴിഞ്ഞു നിൽക്കേണ്ട സാഹചര്യത്തിൽ, ഒരു ജലോത്സവ സീസൺ പടിവാതിലിൽ എത്തി നിൽക്കവേ വല്ലാത്ത നിരാശയിലാണ് വള്ളംകളി പ്രേമികൾ. വള്ളപ്പുരകളിൽ വിശ്രമത്തിലിരിക്കുന്ന ചുണ്ടൻമാരും ഒരുപക്ഷേ ചോദിക്കുന്നത് ഇതു തന്നെയാവും, ഇക്കുറി എന്തെങ്കിലും നടക്കുമോ?
നാടിന്റെ സാംസ്കാരിക പൈതൃകവും ഒരുമയുടെ കരുത്തുമാണ് ജലമേളകൾ വിളംബരം ചെയ്യുന്നത്. കൊവിഡിനെ തുടർന്ന് ആൾക്കൂട്ടം പാടില്ലെന്ന സർക്കാർ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട വള്ളംകളികൾ ചടങ്ങുമാത്രമായി നടത്താനും മറ്റ് ജലോത്സവങ്ങൾ ഒഴിവാക്കാനും സംഘാടകർ തീരുമാനിച്ചിട്ടുണ്ട്. ജലമേള ഉപേക്ഷിച്ചതോടെ വള്ളങ്ങളുടെ ഉടമകളും ബോട്ട് ക്ളബ്ബുകളും തുഴച്ചിൽകാരും പ്രതിസന്ധിയിലായി. ജില്ലയിൽ ചമ്പക്കുളം, നെഹ്രു ട്രോഫി, പായിപ്പാട്, ആറന്മുള ഉതൃട്ടാതി ജലോത്സവം, എറണാകുളം രാജീവ് ഗാന്ധി ട്രോഫി, പല്ലന ആറ്റിലെ മഹാകവി കുമാരനാശാൻ സ്മാരക ജലോത്സവം, നീരേറ്റുപുറം പമ്പ ജലമേള, കരുവാറ്റ എന്നീ ജലമേളകളാണ് പ്രധാനപ്പെട്ടത്.
വള്ളംകളി സീസൺ ആരംഭിക്കുന്നതിന് രണ്ട് മാസം മുമ്പേ സംഘടനകളും, കരക്കാരും മത്സരത്തിനുള്ള തയ്യാറെടുപ്പുകൾ നടത്താറുണ്ട്. വള്ളം പുതുക്കി പണിയുന്നതും ജലമേളകളിൽ പങ്കെടുക്കാനായി ട്രയലുകൾ നടത്തുന്നതും പതിവ് കാഴ്ചയായിരുന്നു. വള്ളം പണിക്കാർക്കും തുഴച്ചിൽക്കാർക്കും സീസണിൽ ലഭിക്കാറുള്ള വരുമാനവും ഇതോടെ ഇല്ലാതായി. ഗ്രാമീണ മേഖലയിലെ ചെറുവള്ളങ്ങളുടെ മത്സരങ്ങളും ഓണസീസണിലെ പതിവ് കാഴ്ചയായിരുന്നു. ഇത്തവണ ബോട്ട്ക്ളബ്ബുകളും ജില്ലാ ഭരണകൂടവും ജലമേളകൾ നടത്താനുള്ള ഒരു തയ്യാറെടുപ്പും നടത്തിയിട്ടില്ല.
ചമ്പക്കുളം ചുരുങ്ങി
ജലമേളകൾക്ക് തുടക്കം ചമ്പക്കുളം മൂലം വള്ളംകളിയാണ്. മിഥുനത്തിലെ മൂലം നക്ഷത്രത്തിലാണ് ചമ്പക്കുളത്താറ്റിൽ രാജപ്രമുഖൻ ട്രോഫിക്കായി മത്സരം എല്ലാവർഷവും നടക്കുന്നത്. അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ വിഗ്രഹവുമായി ബന്ധപ്പെട്ടാണ് വള്ളംകളി നടക്കുന്നത്. ഇത്തവണ ക്ഷേത്രാചാര ചടങ്ങുകൾ മാത്രമായി വള്ളംകളി ചുരുക്കി.
നടക്കുമോ സി.ബി.എൽ?
നെഹ്രുട്രോഫിയിൽ തുടങ്ങുന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് ഇക്കുറി നടക്കുമെന്ന കാര്യത്തിൽ യാതൊരു ഉറപ്പുമില്ല. ലീഗ് അടിസ്ഥാനത്തിൽ, നെഹ്രുട്രോഫിയിൽ തുടങ്ങുന്ന ജലമേളകൾ ക്രമീകരിച്ചതോടെ കണ്ടകശനിയാണ്. കഴിഞ്ഞ രണ്ടു വർഷങ്ങളിൽ പ്രളയം സി.ബി.എല്ലിനെ അപഹരിച്ചു. ഇക്കുറി കൊവിഡും.