ജാഗ്രതാ സമിതികൾക്ക് കൊവിഡ് കണക്കുകൾ പൂർണമായി ലഭിക്കുന്നില്ല
ആലപ്പുഴ: കൊവിഡ് പോസിറ്റീവ് ആകുന്ന വ്യക്തികളുടെ വിവരങ്ങൾ അതത് വാർഡുകളിലെ ജാഗ്രതാ സമിതികളെ അറിയിക്കുന്നതിൽ ആരോഗ്യവകുപ്പിന് ഗുരുതര വീഴ്ച. പോസിറ്റീവ് രോഗികളുണ്ടെന്ന പ്രചരണം പ്രദേശങ്ങളിൽ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ വ്യാപകമാവുകയും, അതേസമയം സമിതികൾക്ക് ഇത് സംബന്ധിച്ച് വിവരം ലഭിക്കാതിരിക്കുകയും ചെയ്യുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഔദ്യോഗിക അറിയിപ്പ് ലഭിക്കാത്തതിനാൽ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാനോ, നടപടികൾ കൈക്കൊള്ളാനോ സമിതികൾക്ക് സാധിക്കുന്നില്ല.
നിലവിൽ കണ്ടെയിൻമെന്റ് സോണായ ആലപ്പുഴ നഗരത്തിലെ പാലസ് വാർഡിൽ പുതിയ കൊവിഡ് രോഗിയുണ്ടെന്ന വിവരം കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് നാടാകെ ആശങ്ക പരത്തി. രണ്ട് ദിവസം ആരോഗ്യവകുപ്പ് അധികൃതരെ തുടർച്ചയായി ബന്ധപ്പെട്ട ശേഷമാണ് സംഭവം ശരിയാണെന്ന ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചതെന്ന് വാർഡ് കൗൺസിലർ ഷോളി സിദ്ധകുമാർ പറഞ്ഞു. ഇതിനു ശേഷമാണ് രോഗിയെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റിയത്.
വാർഡുകൾ കണ്ടെയിൻമെന്റ് സോണുകളാക്കുന്ന വേളയിൽ ആവശ്യമായ സുരക്ഷാ നടപടികൾ ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ കൈക്കൊള്ളണമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശം. എന്നാൽ യാതൊരു അറിയിപ്പുകളും ജാഗ്രതാ സമിതികൾക്ക് ലഭിക്കാറില്ല. സോണുകളായി പ്രഖ്യാപിക്കുന്നതോടെ തങ്ങളുടെ ജോലി ഒഴിഞ്ഞ മട്ടിലാണ് അധികൃതർ. വാർഡ് മെമ്പർ, ആശ പ്രവർത്തകർ, അങ്കണവാടി വർക്കർമാർ, ജൂനിയർ ഹെൽത്ത് നഴ്സ്, പൊലീസ്, സന്നദ്ധ സേവകർ, റസിഡന്റ്സ് ഭാരവാഹികൾ എന്നിവരുൾപ്പെടുന്നതാണ് വാർഡ്തല ജാഗ്രതാ സമിതികൾ.
ആർക്കറിയാം ആന്റിജൻ കണക്ക്!
ജില്ലാ ഭരണകൂടം പ്രതിദിനം പുറത്തുവിടുന്ന കൊവിഡ് രോഗികളുടെ എണ്ണത്തിൽ ഉൾപ്പെടുന്നത് ശ്രവ പരിശോധനയിൽ പോസിറ്റീവ് ആയവർ മാത്രമാണ്. ആന്റിജൻ ടെസ്റ്റുകളിൽ പോസിറ്റീവ് ആകുന്നവരുടെ വിവരങ്ങൾ അതത് ജില്ലാ മെഡിക്കൽ ഓഫീസുകളിൽ സൂക്ഷിക്കുകയാണ് പതിവ്. ഇതാണ് പലതും ലിസ്റ്റിൽ എത്താതിരിക്കാനുള്ള കാരണം. രോഗികളുടെ യഥാർത്ഥ എണ്ണം പുറത്തുവരുന്നില്ല.
.....................................
പലപ്പോഴും വിളിച്ച് ചോദിക്കുമ്പോഴാണ് രോഗികളുടെ കൃത്യമായ കണക്ക് ആരോഗ്യവകുപ്പ് അധികൃതർ നൽകുന്നത്. ഇത് സംബന്ധിച്ച് എല്ലാ വാർഡുകളിൽ നിന്നും പരാതി ഉയരുന്നുണ്ട്. യഥാർത്ഥ വിവരം പുറത്തുവിട്ടാൽ മാത്രമേ ആവശ്യമായ നടപടികൾ വാർഡ്തലത്തിൽ കൈക്കൊള്ളാനും മുന്നറിയിപ്പ് നൽകാനും സാധിക്കൂ
അഡ്വ എ.എ. റസാഖ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, ആലപ്പുഴ നഗരസഭ