ആലപ്പുഴ: മാദ്ധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഐ.എ.എസ് ഓഫീസർ ശ്രീറാം വെങ്കിട്ടരാമൻ സാക്ഷിമൊഴികളെ സ്വാധീനിക്കാൻ ശ്രമിക്കുമെന്നും മാദ്ധ്യമങ്ങൾ ജാഗ്രത പാലിക്കണമെന്നും എ.എം.ആരിഫ് എം.പി പറഞ്ഞു.കെ.എം.ബഷീറിന്റെ ഒന്നാം ചരമവാർഷികദിനത്തോടനുബന്ധിച്ച് ആലപ്പുഴ പ്രസ്‌ക്ലബ് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തിന് മുകളിൽ വ്യക്തികളെ പ്രതിഷ്ഠിക്കാൻ നടത്തുന്ന ശ്രമങ്ങളുടെ പരിണിത ഫലം കൂടിയാണ് ശ്രീറാം വെങ്കിട്ടരാമനെ സർവീസിൽ തിരിച്ചെത്തിക്കാൻ ബ്യൂറോക്രാറ്റുകൾ നടത്തിയ നീക്കങ്ങളെന്നും ആരിഫ് പറഞ്ഞു. പ്രസ് ക്ലബ് പ്രസിഡന്റ് കെ.യു. ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ആർ.രാജേഷ്, ജോയിന്റ് സെക്രട്ടറി ബിനീഷ് പുന്നപ്ര, എം.എം. ഷംസുദ്ദീൻ, കെ.എ. ബാബു, ടി.കെ. അനിൽകുമാർ, ബിപിൻ, എം.എൻ. ഉണ്ണിക്കൃഷ്ണൻ, സാജു, അബ്ദുൾസലാം, എ.ഷൗക്കത്ത് എന്നിവർ ബഷീറിനെ അനുസ്മരിച്ചു.