ഹരിപ്പാട്: താമല്ലാക്കൽ, കരുവാറ്റ പ്രദേശങ്ങളിൽ അഞ്ചു വർഷമായി മോഷണ പരമ്പര നടത്തിയിരുന്നയാളെ ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തു. കുമാരപുരം താമല്ലാക്കൽ മാണിക്കോത്ത് വീട്ടിൽ അജിത് തോമസ് (43) ആണ് അറസ്റ്റിലായത്. കൊച്ചിയിലെ ഫ്ളാറ്റിൽ വാടകയ്ക്ക് താമസിക്കുന്ന ഇയാൾ വീട്ടിലെത്തുമ്പോഴാണ് മോഷണം നടത്തിയിരുന്നത്.
താമല്ലാക്കൽ, കരുവാറ്റ പ്രദേശങ്ങളിൽ രാത്രികാലങ്ങളിൽ തുറന്നിട്ട ജനാലകളിലൂടെയും ജനാലകൾ തിക്കിത്തുറന്നും, ഉറങ്ങിക്കിടക്കുന്ന കുട്ടികളുടേയും മുതിർന്നവരുടേയും സ്വർണ്ണാഭരണങ്ങളും പണവും മോഷണം നടത്തിയ നിരവധി സംഭവങ്ങൾ 2015 മുതൽ റിപ്പോർട്ട് ചെയ്തിരുന്നു. ജില്ലാ പോലീസ് മേധാവിയായി പി.എസ്. സാബു ചുമതലയേറ്റ ശേഷം തെളിയിക്കാപ്പെടാത്ത കേസുകളുടെ അന്വേഷണത്തിനായി മാവേലിക്കര സി.ഐ ബി.വിനോദ്കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വഷണ സംഘം രൂപീകരിച്ചു. താമല്ലാക്കൽ, കരുവാറ്റ പ്രദേശങ്ങളിലെ മോഷണപരമ്പരയിലെ പ്രതിയെ പിടികൂടുന്നതിന് ഓപ്പറേഷൻ നൈറ്റ് റൈഡർ എന്നപേരിൽ പദ്ധതി രൂപപ്പെടുത്തി ഈ സംഘം അന്വേഷണം ആരംഭിച്ചു. മോഷണം നടന്ന എല്ലാ വീടുകളും സന്ദർശിച്ച് അന്വേഷണം നടത്തി. പൊക്കമുളള ഇരുനിറക്കാരനാണ് പ്രതിയെന്നും ഇയാൾ മങ്കി ക്യാപ്പ് ധരിച്ചും ലുങ്കി തലവഴി മൂടിയും ബനിയനും, ബർമുഡയും ധരിച്ചാണ് എല്ലാ മോഷണങ്ങളും നടത്തിയതെന്നും മനസിലാക്കി. പ്രതി എല്ലായിടത്തും കാൽനടയായി എത്തുകയും ആൾക്കാർ എത്തുമ്പോൾ ഓടി രക്ഷപ്പെടുകയും ചെയ്യുകയായിരുന്നു പതിവ്. കൈവഴികളും ചെറിയ റോഡുകളും ചതുപ്പു നിലങ്ങളും ധാരാളമുളള പ്രദേശത്ത് പ്രാദേശികമായി അറിവുളളയാൾക്കു മാത്രമേ മോഷണം നടത്തി രക്ഷപ്പെട്ടു പോകാൻ സാധിക്കുകയുള്ളൂ എന്ന നിഗമനത്തിൽ പൊലീസ് എത്തുകയായിരുന്നു.
എന്നാൽ പ്രദേശവാസികളെ നിരീക്ഷിച്ചതിൽ സൂചനകളൊന്നും ലഭിച്ചില്ല. പ്രദേശത്ത് സി.സി.ടി.വി കാമറകളില്ലാത്തത് അന്വേഷണം വൈകിപ്പിച്ചു. മോഷണം നടന്ന എല്ലാ സ്ഥലങ്ങളുടേയും മാപ്പ് തയ്യാറാക്കി. ഓരോ സ്ഥലങ്ങളിലേക്കും എത്തിച്ചേരാൻ ആരുടേയും ശ്രദ്ധയിൽപ്പെടാതെയും സി.സി.ടി.വി കാമറകളിൽപ്പെടാതെയും പൊതുവായ ഒരു വഴി മോഷ്ടാവ് ഉപയോഗിച്ചതായി മനസിലാക്കി. കൂടാതെ ഓരോ മോഷണ സംഭവത്തിനും ഇടയിൽ വന്ന കാലതാമസവും പൊലീസ് മനസിലാക്കി.
ചെറിയ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണ സംഘം പ്രതിയുടെ സഞ്ചാര പാതയിൽ പല ദിവസം ഒളിച്ചിരുന്നു. തിങ്കളാഴ്ച പുലർച്ചെ കെ.വി ജെട്ടി റോഡിലുളള വീടുകളിൽ പ്രതി മോഷണശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. തിരികെ വരുമ്പോൾ താമല്ലാക്കൽ ഇടക്കണ്ണമ്പള്ളി ക്ഷേത്രത്തിനു സമീപം വെച്ച് പൊലീസ് സംഘം പ്രതിയെ വളഞ്ഞു. പ്രതി കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് പൊലീസുകാരെ അക്രമിക്കാൻ ശ്രമിച്ചെങ്കിലും സാഹസികമായി പിടികൂടുകയായിരുന്നു.
പ്രതിക്ക് കൊച്ചിയിൽ ഫ്ളാറ്റ്
ചോദ്യം ചെയ്യലിൽ താമല്ലാക്കൽ, കരുവാറ്റ പ്രദേശങ്ങളിൽ 2015 മുതൽ നടന്ന 80 ഓളം മോഷണ സംഭവങ്ങൾ തെളിഞ്ഞതായി പൊലീസ് പറഞ്ഞു. കുടുംബവുമായി എറണാകുളത്ത് ഫ്ളാറ്റിൽ വാടകയ്ക്ക് താമസിക്കുന്ന പ്രതി കരുവാറ്റയിലെ സമ്പന്ന കുടുംബാംഗമാണ്. മുസ്ളീം സമുദായാംഗമായ യുവതിയെ വിവാഹം കഴിച്ചതോടെയാണ് വീട്ടുകാരുമായി പിണങ്ങിയത്. 2015ൽ അടുത്ത ബന്ധുവീട്ടിൽ ഓടു പൊളിച്ചു കടന്ന് വീട്ടമ്മയുടെ മാല പൊട്ടിച്ചെടുത്തു കൊണ്ടായിരുന്നു തുടക്കം. തുടർന്ന് എറണാകുളത്തേക്ക് താമസം മാറി. വീട്ടുകാരുമായി പിണക്കമാണെങ്കിലും എറണാകുളത്തു നിന്നു ബൈക്കിലെത്തി വീട്ടിൽ ബൈക്ക് വച്ച് മോഷണം നടത്തിയ ശേഷം ബൈക്കിൽ തിരികെ പോവുകയായിരുന്നു പതിവ്. മോഷ്ടിക്കപ്പെട്ട സ്വർണ്ണാഭരണങ്ങൾ എറണാകുളത്തും ആലപ്പുഴയിലുമുള്ള സ്വർണ്ണക്കടകളിൽ വിറ്റിട്ടുണ്ട്. കായംകുളം ഡിവൈ.എസ്.പി അലക്സ് ബേബി, മാവേലിക്കര പൊലീസ് ഇൻസ്പെക്ടർ ബി.വിനോദ് കുമാർ, ഹരിപ്പാട് സി.ഐ ആർ.ഫയാസ്, പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ എസ്.ഐ ഇല്യാസ്, .എ.എസ്.ഐ ടി. സന്തോഷ് കുമാർ, സീനിയർ സി.പി.ഒ ഉണ്ണിക്കൃഷ്ണ പിള്ള, സി.പി.ഒമാരായ മുഹമ്മദ് ഷഫീഖ്, അരുൺ ഭാസ്കർ, ഹരികൃഷ്ണൻ, മുഹമ്മദ് ഷാഫി, എ. നിഷാദ്, പ്രംജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.