അമ്പലപ്പുഴ: ആലപ്പുഴ മെഡി. ആശുപത്രിയിലെ ഹെഡ് നേഴ്സ് ഷീബയ്ക്ക്, ക്വാറന്റൈൻ ലീവ് നിഷേധിച്ചെന്നു പരാതി.
മാരാരിക്കുളം വടക്ക് പഞ്ചായത്ത് കാനാശ്ശേരിൽ സെബാസ്റ്റ്യന്റെ ഭാര്യയും ഷീബയുടെ ബന്ധുവുമായ ത്രേസ്യാമ്മയെ (62) പനി ബാധിച്ച് ആലപ്പുഴ മെഡി. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ത്രേസ്യാമ്മയ്ക്ക് ശ്വാസതടസം അനുഭവപ്പെട്ടിട്ടും ഓക്സിജൻ നൽകിയില്ല എന്നു പറഞ്ഞ് ആശുപത്രിയിൽ നിന്നു ഷീബയെ വിളിച്ചു. വാർഡിലേക്ക് ഫോൺ ചെയ്തിട്ടും കിട്ടാതിരുന്നതിനാൽ ഷീബ ആശുപത്രിയിൽ ചെന്ന് ഓക്സിജനും ചാരിയിരിക്കാൻ ബായ്ക്ക് റെസ്റ്റും വച്ച്, രോഗിയുടെ പുറം തടവുകയും ചെയ്തു. മൂന്നര ആയപ്പോൾ രോഗി മരിച്ചു. ഇവരുടെ സ്രവ പരിശോധനയിൽ കൊവിഡ് പോസിറ്റീവ് സ്ഥിരീകരിക്കുകയും ചെയ്തു. രോഗിയുമായി പ്രൈമറി കോണ്ടാക്ട് വന്നതിനാൽ ഷീബ ക്വാറന്റൈനിൽ പോയി.
ഇന്നലെ ഷീബയുടെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ് ആണെന്ന് ആശുപത്രിയിൽ നിന്ന് അറിയിച്ചു. ഫേസ് ഷീൽഡും മാസ്കും ഗ്ലൗസും ധരിച്ചിരുന്നതിനാൽ കൊവിഡിൽ നിന്നും രക്ഷപ്പെടുകയായിരുന്നു. എന്നാൽ മറ്റൊരു വാർഡിലെ രോഗിയെയാണ് നോക്കിയതെന്ന് പറഞ്ഞ് അധികൃതർ ക്വാറന്റൈൻ ലീവ് നിഷേധിച്ചെന്നാണ് ഷീബയുടെ പരാതി.