കായംകുളം: ക്വാറന്റൈനിൽ കഴിഞ്ഞിരുന്നയാളുടെ വീടുകുത്തിത്തുറന്ന് അഞ്ചേകാൽ പവൻ ആഭരണങ്ങളും ഡയമണ്ട് കമ്മലും പണവും ഐ ഫോണും കവർന്നു. കൃഷ്ണപുരം ഞക്കനാൽ ശ്രീശൈലത്തിൽ രതീഷ് ചന്ദ്രന്റെ വീട്ടിൽ കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടു മണിയോടെയാണ് മോഷണം നടന്നത്.
മുൻ വാതിൽ കുത്തിത്തുറന്ന് അകത്തു കയറിയ മോഷ്ടാക്കൾ അലമാരയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്നു സ്വർണ്ണാഭരണങ്ങളും ഡയമണ്ട് കമ്മലും 2000 രൂപയും ഐഫോണുമാണ് മോഷ്ടിച്ചത്.ഗൾഫിൽ നിന്നെത്തിയ രതീഷ് ചന്ദ്രൻ ഈ വീട്ടിൽ ക്വാറന്റൈനിൽ കഴിയുകയായിരുന്നു. ക്വാറന്റൈൻ സമയം കഴിഞ്ഞതിനെ തുടർന്ന് ഇദ്ദേഹം കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയിലെ ഭാര്യവീട്ടിലേക്കു പോയി. ഈ സമയമാണ് മോഷണം നടന്നത്.
കതകടയ്ക്കുന്ന ശബ്ദം കേട്ട് സമീപത്തെ വീട്ടുകാർ നോക്കിയപ്പോൾ രണ്ടു പേർ നടന്നു പോകുന്നതുകണ്ടു. സംശയം തോന്നി പൊലീസിൽ അറിയിച്ചതിനെ തുടർന്ന് അവർ എത്തി പരിശോധിച്ചപ്പോഴാണ് കതക് കുത്തിപ്പൊളിച്ച് മോഷണം നടത്തിയതായി കണ്ടത്. തുടർന്നുള്ള അന്വേഷണത്തിൽ സമീപത്ത് റോഡരികിൽ ഇന്നോവ കാർ കണ്ടു. കാർ പൊലീസ് കസ്റ്റഡിയിലെടുത്തു അന്വേഷണമാരംഭിച്ചു.