154 ഐ.ടി.ബി.പി ഉദ്യോഗസ്ഥർക്ക് രോഗമുക്തി
ചാരുംമൂട്: സാനിട്ടോറിയം അന്തേവാസികളും, ഐ.ടി.ബി.പി ഉദ്യേഗസ്ഥരുമടക്കം ചാരുംമൂട് മേഖലയിൽ 222 പേർക്ക് ഇന്നലെ കൊവിഡ് നിർണ്ണയ പരിശോധന നടത്തി. താമരക്കുളത്ത് ആന്റിജൻ പരിശോധന നടത്തിയ 69 പേരുടെയും പരിശോധനാ ഫലം നെഗറ്റീവാണ്. കൊവിഡ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഐ.ടി.ബി.പി ക്യാമ്പിലെ 154 സെനികർ രോഗമുക്തി നേടി.
നൂറനാട് പാറ്റൂരിലെ കൊവിഡ് കെയർ സെന്ററിൽ ക്വാറന്റൈനിലുള്ള 60 ഐ.ടി.ബി.പി ഉദ്യേോഗസ്ഥർക്കും, സാനിട്ടോറിയത്തിലെ 72 അന്തേവാസികൾക്കും 21 ജീവനക്കാർക്കും ആർ.ടി.പി.സി.ആർ പരിശോധനയാണ് നടത്തുന്നത്. ഇതിന്റെ ഫലം അടുത്ത ദിവസങ്ങളിലേ അറിയാൻ കഴിയൂ. അന്തേവാസികളുടെ സ്രവ പരിശോധനയ്ക്കായി സാനിട്ടോറിയത്തിൽ തന്നെ സ്രവ കളക്ഷൻ കേന്ദ്രം ആരംഭിച്ചിട്ടുണ്ട്. അന്തേവാസിയായ സ്ത്രീയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നായിരുന്നു സാനിട്ടോറിയത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയത്. അന്തേവാസികൾക്ക് കൊവിഡ് സ്ഥിരീകരിച്ചാൽ ചികിത്സയ്ക്കായും സാനിട്ടോറിയത്തിൽ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.
....................
താമരക്കുളം പഞ്ചായത്തിലെ കണ്ണനാകുഴിയിൽ സമ്പർക്കത്തിലൂടെ കൊവിഡ് ബാധിച്ച മത്സ്യ വ്യാപാരിയുടെ സമ്പർക്കപ്പട്ടികയിലുള്ള 69 പേർക്ക് നീലാംബരി ആശുപത്രിയിൽ ഇന്നലെ ആന്റിജൻ പരിശോധന നടത്തി. എല്ലാവരുടെയും ഫലം നെഗറ്റീവാണ്. ഐ.ടി.ബി.പി ക്യാമ്പിൽ കൊവിഡ് സ്ഥിരീകരിച്ച 170 പേരിൽ 154 പേരും രോഗമുക്തരായിട്ടുണ്ട്.