മാന്നാർ: പ്രളയത്തിൽ വീട് തകർന്ന് ഏറെ നാളായി ദുരിതാശ്വാസ ക്യാമ്പിൽ കഴിയുകയായിരുന്ന ബുധനൂർ കരുപാന്തൽ പ്രഭാകരന് വീട് ലഭിച്ചു, അങ്ങ് ഉഗാണ്ടയിൽ നിന്ന്!

ഉഗാണ്ടയിലെ മലയാളി സമാജം പ്രവർത്തകർ നിർമ്മിച്ചു നൽകിയ വീട്ടിൽ പ്രഭാകരനും പെരിങ്ങിലിപ്പുറം പ്രപഞ്ചം ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ് പ്രവർത്തകരും ചേർന്ന് ഇന്നലെ പാലുകാച്ചി. 2018 ലെ പ്രളയ സമയത്ത് പ്രഭാകരനെയും ഭാര്യ പത്മാക്ഷിയേയും നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്നാണ് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലെത്തിച്ചത്. ശരീരത്തിന്റെ ഒരു വശം തളർന്നു കിടപ്പിലായ പത്മാക്ഷിയെ കട്ടിലിലാണ് എത്തിച്ചത്. ഇവരുടെ ദുരവസ്ഥയെപ്പറ്റി പ്രപഞ്ചം ക്ലബ് പ്രവർത്തകർ ഫേസ്ബുക്കിൽ പോസ്റ്റിട്ടത് ശ്രദ്ധയിൽപ്പെട്ട ഉഗാണ്ട മലയാളി സമാജം പ്രവർത്തകർ വീട് നിർമ്മിച്ചു നൽകുകയായിരുന്നു.

7 ലക്ഷം ചെലവിൽ ഒരു വർഷം കൊണ്ടായിരുന്നു നിർമ്മാണം. ഇതിനിടെ കഴിഞ്ഞ ജനുവരി 3 ന് പത്മാക്ഷി മരിച്ചു. കൊവിഡിനെ തുടർന്ന് കമ്മ്യൂണിറ്റി ഹാൾ ക്വാറന്റൈൻ സെന്റർ ആക്കിയതോടെ ജൂലായ് 19 മുതൽ രണ്ടാഴ്ച ക്ലബ് സെക്രട്ടറിയുടെ വീട്ടിലായിരുന്നു പ്രഭാകരൻ കഴിഞ്ഞിരുന്നത്. ക്ലബ് പ്രസിഡന്റ് പ്രവീൺ എൻ. പ്രഭ, സെക്രട്ടറി മനു, സുനിൽ, വിപിൻ ശേഖർ, സച്ചിൻ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.