ആലപ്പുഴ: സമ്പർക്കത്തിലൂടെ കൊവിഡ് രോഗ ബാധിതരുടെ എണ്ണം വർദ്ധിക്കുന്നത് കണക്കിലെടുത്ത് പൊലീസ് പരിശോധന കർശനമാക്കുന്നു. എല്ലാ പൊലീസ് സ്റ്റേഷൻ പരിധിയിലും വാഹന പരിശോധനയ്ക്ക് മൊബൈൽ പട്രോളിംഗ് ഏർപ്പെടുത്തി. മാസ്‌ക്ക് ധരിക്കാതിരിക്കുക, സാമൂഹിക അകലം പാലിക്കാതെ ആളുകൾ കൂട്ടംകൂടി നിൽക്കുക, അത്യാവശ്യത്തിന് അല്ലാതെ പുറത്തിറങ്ങി സഞ്ചരിക്കുക, മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി നിർദ്ദിഷ്ട സമയത്തല്ലാതെ കടകൾ തുറന്ന് പ്രവർത്തിക്കുക, വ്യാപാര സ്ഥാപനങ്ങളിൽ കൂടുതൽ ആളുകളെ പ്രവേശിപ്പിക്കുക തുടങ്ങിയ മാനദണ്ഡങ്ങൾ പാലിക്കാത്തവർക്ക് എതിരെ നടപടി സ്വീകരിക്കും. ക്വാറന്റൈനിൽ കഴിയുന്നവർക്ക് ''കോവിഡ് സേഫ്റ്റി'' എന്ന മൊബൈൽ ആപ്ലിക്കേഷൻ നല്കും.