കൊവിഡ് പ്രതിരോധ മരുന്ന് വിതരണത്തിന് ആശമാർ ഇറങ്ങരുതെന്ന് നിർദ്ദേശം
ആലപ്പുഴ: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള ഹോമിയോ മരുന്ന് വിതരണത്തിന് 'ആശ' വർക്കർമാർ ഫീൽഡിൽ ഇറങ്ങരുതെന്ന് ആശ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) ജില്ലാ സെക്രട്ടറി ഗീതാഭായി നൽകിയ നിർദ്ദേശം വിവാദത്തിൽ. ആലപ്പുഴ നഗരസഭ പരിധിയിലെ ഒരു വാർഡിലും ആശമാർ നഗരസഭ നിർദേശിക്കുന്ന ജോലികൾ ചെയ്യരുതെന്നാണ് ഗീതാഭായിയുടെ ശബ്ദ സന്ദേശം. ഇതോടെ പല വാർഡുകളിലും ഇവർ മരുന്ന് വിതരണവുമായി സഹകരിക്കുന്നില്ല. ഇതോടെ നഗരസഭാ സെക്രട്ടറിയും, ചെയർമാനും നാഷണൽ ഹെൽത്ത് മിഷൻ ഡയറക്ടർക്ക് പരാതി സമർപ്പിച്ചു.
അതേസമയം, തന്റെ വാക്കുകൾ വളച്ചൊടിക്കുകയായിരുന്നുവെന്നും ആശമാർക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ മുനിസിപ്പാലിറ്റി നൽകുന്നില്ലെന്നും ആശാഭായി പ്രതികരിച്ചു. നഗരപരിധിയിൽ ഒരു വാർഡിലും ആശമാർ മരുന്ന് വിതരണത്തിന് ഇറങ്ങരുതെന്നും ഇറങ്ങുന്നവർക്ക് എന്തെങ്കിലും സംഭവിച്ചാൽ അവരെ സംരക്ഷിക്കില്ലെന്നുമുള്ള വിധത്തിലാണ് യൂണിയൻ സെക്രട്ടറിയുടെ പേരിലുള്ള ശബ്ദ സന്ദേശം പ്രചരിക്കുന്നത്. വാർഡ് തല പ്രതിരോധ പ്രവർത്തനങ്ങൾക്ക് വേണ്ടി ആശമാരെ വിളിക്കുമ്പോൾ, ഇറങ്ങാൻ കഴിയില്ലെന്ന നിലപാടാണ് അവർ സ്വീകരിക്കുന്നതെന്ന് ജനപ്രതിനിധികളും പരാതിപ്പെടുന്നു. കൊവിഡ് രോഗികളുടെയും ക്വാറന്റൈനിൽ ഇരിക്കുന്നവരുടെയും വിവര ശേഖരണവും മരുന്നു വിതരണവുമടക്കമുള്ള ജോലികൾ ആശമാരുടെ ഉത്തരവാദിത്തമാണ്. ഇതിനുള്ള പരിശീലനം നൽകിയ ശേഷമാണ് ആശമാരെ വാർഡ് തലത്തിൽ നിയോഗിച്ചിരിക്കുന്നത്.
............................
ഏതാനും ചില ആശ പ്രവർത്തകരാണ് വിവാദങ്ങൾ സൃഷ്ടിക്കുന്നത്. നഗരസഭാപരിധിയിലെ ഭൂരിപക്ഷം ആശ പ്രവർത്തകരും നഗരസഭയുടെ പ്രവർത്തനങ്ങളുമായി സഹകരിക്കുന്നവരാണ്. ഇവരുടെ പ്രവൃത്തികളെപ്പോലും മോശപ്പെടുത്തുന്ന തരത്തിലാണ് ചിലരുടെ ഇടപെടലുകൾ. മരുന്ന് വിതരണത്തിന് ആശമാർ ഇറങ്ങരുതെന്ന ആഹ്വാനത്തിനെതിരെ നാഷണൽ ഹെൽത്ത് മിഷൻ ഡയറക്ടർക്ക് പരാതി നൽകിയിട്ടുണ്ട്
ഇല്ലിക്കൽ കുഞ്ഞുമോൻ, നഗരസഭാ ചെയർമാൻ
............................
ആശമാരുടെ സുരക്ഷയ്ക്ക് ആവശ്യമുള്ള മാസ്കും, ഫെയ്സ് ഷീൽഡും നഗരസഭ വിതരണം ചെയ്യുന്നില്ല. സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ ജോലിക്ക് ഇറങ്ങരുതെന്നാണ് പറഞ്ഞത്. വാക്കുകളെ വളച്ചൊടിക്കുകയായിരുന്നു
ഗീതാഭായി, ജില്ലാ സെക്രട്ടറി, ആലപ്പുഴ ആശ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു)
...............................
വാർഡ് തലത്തിൽ മരുന്നുകൾ വിതരണം ചെയ്യാനുളള ചുമതല ആശമാരുടേതാണ്. അതിനുള്ള പ്രത്യേക പരിശീലനവും അവർക്ക് നൽകിയിരുന്നു. ആശമാർ ജോലിക്കിറങ്ങാത്ത സ്ഥലങ്ങളിൽ സന്നദ്ധ പ്രവർത്തകരുടെയും കുടുംബശ്രീയുടെയും സഹായത്തോടെയാണ് മരുന്നു വിതരണം ചെയ്യുന്നത്
സൂസൻ ജോൺ, ഡി.എം.ഒ, ഹോമിയോ