ആലപ്പുഴ: കാലവർഷം ശക്തിപ്പെട്ടതോടെ, ജില്ലയിലെ റോഡുകളിലേക്ക് അപകടം സൃഷ്ടിക്കാവുന്ന വിധത്തിൽ നിൽക്കുന്ന മരങ്ങൾ രണ്ടു ദിവസത്തിനകം കണ്ടെത്തി പട്ടിക തയ്യാറാക്കാൻ പ്രത്യേക ഡ്രൈവ് സംഘടിപ്പിക്കാൻ ജില്ല കളക്ടറുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം തീരുമാനിച്ചു.

അടിയന്തര സാഹചര്യത്തിൽ ഇത്തരം മരങ്ങളുടെ അപകടാവസ്ഥയിലുള്ള കൊമ്പുകൾ നീക്കും. മരം മുറിച്ച് നീക്കേണ്ടതാണെങ്കിൽ അതിനുളള നടപടികൾ അടിയന്തരമായി സ്വീകരിക്കും. ശക്തമായ കാ​റ്റിലും മഴയിലും റോഡിലേക്ക് മരങ്ങളും മരക്കൊമ്പുകളും ഒടിഞ്ഞുവീണു അപകടം വർദ്ധിച്ച സാഹചര്യത്തിലാണ് തീരുമാനം. മരങ്ങളുടെ പട്ടിക ഇന്ന് തയ്യാറാക്കും.ഡ്രൈവ് ഇന്നലെ ആരംഭിച്ചു. ആവശ്യമെങ്കിൽ കെ എസ് ഇ ബി, ഫയർഫോഴ്സ് എന്നിവയുടെ സഹായം തേടാവുന്നതാണെന്ന് കളക്ടർ പറഞ്ഞു. അടിയന്തര സാഹചര്യം കണക്കിലെടുത്ത് വകുപ്പുകൾ ഏകോപനത്തോടെ പ്രവർത്തിക്കണം. നഗരത്തിലെ കനാലിന്റെ കരയിലുള്ള മറിഞ്ഞുവീഴാവുന്ന വിധത്തിലുള്ള മരങ്ങൾ നീക്കം ചെയ്യും. അപകടഭീഷണി ഉണ്ടാക്കുന്ന കനാൽക്കരയിലെ മരങ്ങളുടെ ചില്ലകൾ നീക്കം ചെയ്യുന്നതിനും മരം അപ്പാടെ നീക്കം ചെയ്യേണ്ടതാണെങ്കിൽ അത് പട്ടികയാക്കി നൽകാനും ഡി.ടി.പി.സി സെക്രട്ടറിയെ ചുമതലപ്പെടുത്തി.

റോഡരികിലെ വലിയ മരങ്ങൾ അടിയന്തിരമായി വെട്ടേണ്ടതുണ്ടെങ്കിൽ അത് സംബന്ധിച്ച വിവരങ്ങൾ വനംവകുപ്പിന് നൽകണം. യോഗത്തിൽ ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ആശ സി.എബ്രഹാം, പൊലീസ്, ഫയർഫോഴ്സ്, കെ.എസ്.ഇ.ബി, പൊതുമരാമത്ത് വകുപ്പ് വകുപ്പുകളുടെ ജില്ല തല ഉദ്യോഗസ്ഥർ പങ്കെടുത്തു.