ആലപ്പുഴ: ആലപ്പുഴ നഗരസഭയിൽ ചന്ദനക്കാവ് മുതൽ ആറ്റുതീരം വരെയുള്ള റോഡിന് 76.8 ലക്ഷം രൂപ ഹാർബർ എൻജിനിയറിംഗ് വകുപ്പിൽ നിന്നും അനുവദിച്ച് ടെണ്ടർ നടപടികൾ പൂർത്തിയായതായി മന്ത്റി ജി.സുധാകരൻ അറിയിച്ചു. ഈ ഫണ്ട് മുനിസിപ്പൽ കൗൺസിലർ ഇടപെട്ടാണ് കൊണ്ട് വന്നതെന്ന പ്രചാരണംവാസ്തവവിരുദ്ധമാണെന്നും മന്ത്രി വ്യക്തമാക്കി .
ഒരു കൗൺസിലർക്കുംഇത്തരത്തിൽ ഒരു ഫണ്ട് കൊണ്ടുവരാൻ കഴിയില്ല. ഫണ്ട് കൊണ്ടുവരുവാൻ ശ്രമിക്കുന്നവരെ കരിവാരി തേക്കാൻ ശ്രമിക്കുന്ന പ്രസ്താവനകൾ ഒഴവാക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു.
കനാൽ നവീകരണത്തിന്റെ ഭാഗമായി കിഫ്ബിയിൽ നിന്ന് അനുവദിച്ച ഫണ്ട് ഉപയോഗിച്ചുള്ള കല്ലുകെട്ട്
നിർമ്മാണവും ഇതോടൊപ്പം ചന്ദനക്കാവിൽ നടന്ന് വരികയാണ്.ഫിഷറീസ് വകുപ്പ് മന്ത്റി മേഴ്സിക്കുട്ടിയമ്മക്ക് കത്ത് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഫിഷറീസ് വകുപ്പിൽ നിന്നും ഈ തുക അനുവദിച്ചത്. 50 ലക്ഷം രൂപ അനുവദിക്കണമെന്ന് കാണിച്ചാണ് കത്ത് നൽകിയതെങ്കിലും എസ്റ്റിമേറ്റ് എടുത്തപ്പോൾ 76.8 ലക്ഷം രൂപ ആയി. 1497 മീറ്റർ നീളവും 3 മീറ്റർ വീതിയുമുള്ള ഈ റോഡ് പുതുക്കിപ്പണിത് നിലവാരം ഉയർത്തുന്നതിന് വേണ്ടിയാണ് ഈ തുക അനുവദിച്ചത്. ഇതോടൊപ്പം അനുവദിച്ച ആമയിട് - കരിലാന്റ് റോഡ് (40 ലക്ഷം), എൻ.എച്ച് - ഇല്ലത്ത് പറമ്പ് റോഡ് (40 ലക്ഷം) എന്നിവ ടെണ്ടർ എടുത്ത് പണി ആരംഭിക്കുന്ന ഘട്ടത്തിലാണ്.