അൻപതോളം പേർ മാത്രം പറയുന്നൊരു ഭാഷ
പൂച്ചാക്കൽ: പാണാവള്ളി നാല്പത്തെണ്ണീശ്വരം ക്ഷേത്രഭാഗത്തുള്ള അൻപതോളം പേർക്കു മാത്രം അറിയാവുന്നൊരു ഭാഷയുണ്ട്; മൂലഭദ്രം. കൗതുകവും ഒപ്പം ചരിത്രവും ഏറെയുള്ള ഈ ഭാഷയ്ക്ക് തിരുവിതാംകൂറിന്റെ ശില്പിയെന്നറിയപ്പെടുന്ന മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ ഭരണകാലത്തോളം പഴക്കമുണ്ട്.
തിരുവിതാംകൂറിന്റെ വടക്കെ അതിർത്തിയിലെ നാട്ടുരാജ്യങ്ങളായിരുന്നു പാണാവള്ളി ഉൾപ്പെടെയുള്ള അരൂക്കുറ്റി പ്രദേശം. വേമ്പനാട് കായലിന്റെ ഓരത്ത് ചുങ്കം പിരിക്കുന്നതിനുള്ള ചൗക്കയും പൊലീസ് സ്റ്റേഷനും പണ്ടകശാലയുമൊക്കെ ഉണ്ടായിരുന്നു. അയൽ രാജ്യങ്ങളുടെ ആക്രമണങ്ങൾ പ്രതിരോധിക്കാൻ രാജഭടന്മാരെ വിന്യസിച്ചിരുന്നുവത്രെ. രഹസ്യങ്ങൾ കൈമാറാനായി അനിഴം മാർത്താണ്ഡവർമ്മ തന്റെ ഭടന്മാർക്കായി രൂപപ്പെടുത്തിയതാണ് മൂലഭദ്രം എന്ന് ചരിത്രങ്ങളിൽ പറയുന്നു.
പകർന്നത് ഭഗീരഥിയമ്മ
തിരുവിതാംകൂറിലെ സൈന്യത്തിലുണ്ടായിരുന്ന പാണാവള്ളി സ്വദേശി വഴിയാണ് ഈ ഭാഷ നാട്ടിൻപുറത്ത് എത്തിയത്. തളിയാപറമ്പ് സ്കൂളിലെ അദ്ധ്യാപികയായിരുന്ന ഭഗീരഥിയമ്മയിൽ നിന്നു, നാല്പത്തെണ്ണീശ്വരം ക്ഷേത്ര പരിസരത്ത് ചായക്കട നടത്തിയിരുന്ന
ഷണ്മുഖൻ നായർ മൂലഭദ്രം പഠിച്ചെടുത്തു.അദ്ദേഹമാണ് ഈ കോഡുഭാഷ ജനകീയമാക്കാൻ പ്രയത്നിച്ചത്. തന്റെ കടയിൽ വരുന്നവരോട് ഈ ഭാഷയിൽ സംസാരിക്കുകയും താത്പര്യമുള്ളവരെ പഠിപ്പിക്കുകയും ചെയ്തു. വീട്ടിൽ മൂലഭദ്രം നിർബന്ധമാക്കിയതോടെ, ഭാര്യ വിജയമ്മയും പ്രചാരകയായി. ഇരയിമ്മൻ തമ്പിയുടെ കൃതികൾ പോലും ആലപിക്കാൻ വിജയമ്മയ്ക്ക് ഇപ്പോഴും പ്രയാസമില്ല. സംസ്കൃത പണ്ഡിതനായ പി.കെ.പട്ടമനയുൾപ്പെടെയുള്ള വിദ്വൽ സദസുകളിലും ക്ഷേത്ര പരിസരത്തു കൂടിയിരുന്ന സൗഹൃദകൂട്ടായ്മകളിലും ആശയ വിനിമയം ഈ വേറിട്ട ഭാഷയിലായി. നൂറോളം പേരെ ഭാഷ അഭ്യസിപ്പിച്ച ശേഷം 15 വർഷം മുമ്പ് ഷണ്മുഖൻ നായർ വിടവാങ്ങി. അദ്ദേഹത്തിന്റെ പ്രഥമ ശിഷ്യനായ മാളിയേക്കൽ എം.കെ.പ്രഭാകരൻ ആചാരിയാണ് പിന്നീട് പ്രചാരണദൗത്യം ഏറ്റെടുത്തത്.
മൂലഭദ്രത്തിന്റെ അടിസ്ഥാനം
'അകോ ഖഗോ ഘങ ശ്ചൈവ ചടോ ഞണോ തപോ നമ യശോ രഷോ ലസ വഹ ക്ഷള ഴറ റ്റന'- എന്ന അടിസ്ഥാന ശ്ലോകമാണ് ഈ ഭാഷയ്ക്ക് ആധാരം. 'അ' എന്ന അക്ഷരത്തിനു പകരം 'ക' യും 'ന' യ്ക്കു പകരം 'മ' യും ഉപയോഗിക്കും. അതുപോലെ തന്നെ തിരിച്ചും 'ക' യ്ക്കു പകരം 'അ' യും. ഇങ്ങനെ അക്ഷരങ്ങൾ മാറ്റി വാക്കുകൾ ഉപയോഗിക്കുമ്പോൾ മൂലഭദ്രമെന്ന യുദ്ധഭാഷയായി. മലയാളം ലിപിയാണ് എഴുതാൻ ഉപയോഗിച്ചുകൊണ്ടിരുന്നത്.
....................
വിസ്മൃതിയിലാകുമായിരുന്ന മൂലഭദ്രം ഭാഷ അടുത്ത തലമുറയ്ക്ക് കൈമാറാനുള്ള മുന്നൊരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു.കൊവിഡ് ഭീതിയൊഴിഞ്ഞാലുടൻ ക്ലാസുകൾ ആരംഭിക്കാനാണ് തീരുമാനം
പ്രഭാകരൻ ആചാരി