photo

ആലപ്പുഴ: അർബുദ രോഗബാധിതനായതോടെ ശരീരം തളർന്ന് കിടപ്പിലായ യുവാവ് തുടർ ചികിത്സയ്ക്കും മൂന്ന് പെൺകുട്ടികളുടെ പഠനത്തിനും മാർഗമില്ലാതെ വലയുന്നു. കാവാലം പഞ്ചായത്ത് വടക്കൻ വെളിയനാട് തൈപ്പറമ്പിൽ ടി.എസ്.ലെനീഷാണ് (38) നാലുവർഷമായി കട്ടിലിൽ തന്നെ ജീവിതം കഴിച്ചുകൂട്ടുന്നത്.

ലെനീഷിന്റെ തലയ്ക്കുള്ളിലാണ് അഞ്ചുവർഷം മുമ്പ് അർബുദമുണ്ടായത്. ശസ്ത്രക്രിയ ചെയ്താൽ ജീവൻ നിലനിറുത്താൻ സാധിച്ചേക്കില്ലെന്ന ഡോക്ടർമാരുടെ വിലയിരുത്തലിനെ തുടർന്ന് തിരുവനന്തപുരം ആർ.സി.സിയിൽ റേഡിയേഷൻ ചികിത്സ ആരംഭിക്കുകയായിരുന്നു. 32 റേഡിയേഷനുകളാണ് നിർദേശിച്ചതെങ്കിലും 15 എണ്ണം ചെയ്തപ്പോഴേക്കു ശരീരം തളർന്നു. ഇതോടെ 2016ൽ ചികിത്സ മതിയാക്കി വീട്ടിൽ തിരികെയെത്തി. കൈകാലുകളുടെ ചലനശേഷി വീണ്ടെടുക്കാൻ ഫിസിയോതെറാപ്പി തുടങ്ങി. കുടുംബാംഗങ്ങളും ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം നൽകിയ ചെറുകൈ സഹായങ്ങളായിരുന്നു പിന്നീട് ആശ്രയം. ഭാര്യ സരസ്വതി മലപ്പുറം കോട്ടപ്പടി സ്വദേശിനിയാണ്. മക്കളായ മീനു പ്ലസ്ടുവിനും നീനു പത്താംക്ളാസിലും ടീനു ആറാംക്ളാസിലും പഠിക്കുന്നു. കൂലിപ്പണിക്കാരനായിരുന്നു ലെനീഷ്. അച്ഛൻ സുഗതൻ 18 വർഷം മുമ്പ് മരിച്ചു. അമ്മ വിജയമ്മയ്ക്കും അനുജൻ സുധീഷിനും കുടുംബത്തിനുമൊപ്പമാണ് താമസം. ഒരു കടയിൽ ജോലി ചെയ്തിരുന്ന ഭാര്യ സരസ്വതിക്ക്, പ്രദേശത്ത് കൊവിഡ് പടർന്നതോടെ ആ ജോലിയും നഷ്ടമായി. സഹായിക്കാൻ താത്പര്യമുള്ളവർക്ക് ലെനീഷിന്റെ പേരിൽ ഫെഡറൽ ബാങ്കിന്റെ നെടുമുടി തെക്കേക്കര ശാഖയിലുള്ള 11540100248303 എന്ന അക്കൗണ്ട് നമ്പരിലേക്ക് പണം അയയ്ക്കാവുന്നതാണ്. ഐ.എഫ്.എസ് കോഡ്: എഫ്ഡിആർഎൽ 0001154. ഫോൺ: 7510723635.