jibu

എടത്വ: പുളിക്കീഴില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് മരിച്ച തലവടി സ്വദേശി എക്കപ്പുറത്ത് തുണ്ടിപറമ്പില്‍ എബ്രഹാം മാത്യുവിന്റെ (മോനിച്ചന്‍) മകന്‍ ജിബു എബ്രഹാമിന് (24) നാടിന്റെ യാത്രാമൊഴി.

ഇന്നലെ വൈകിട്ട് നാലിന് നിരണം ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നടന്ന സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ ബന്ധുക്കളും, സുഹൃത്തുക്കളും മൃതദേഹത്തെ അനുഗമിച്ചെത്തി. കഴിഞ്ഞ ഒന്നിന് പൊടിയാടി പുളിക്കീഴ് ഇന്ദ്രപ്രസ്ഥ ഹോട്ടലിന് സമീപമായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ജിബുവിനെ പരുമല ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബൈക്കിന്റെ പിന്നിലിരുന്ന മണപ്പുറത്ത് കുഞ്ഞുമോന്റെ മകന്‍ ജെഫിന്‍ (22) ഗുരുതരമായി പരിക്കേറ്റ് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. നിരണം ആശുപത്രിയിലെ വനിതാ ഡോക്ടറിന്റെ കാറും ജിബു ഓടിച്ചിരുന്ന ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. ഡോക്ടറും സഭവസ്ഥലത്തെത്തിയ മറ്റൊരു വനിതാ ഡോക്ടറും പുളിക്കീഴ് പൊലീസും ചേര്‍ന്നാണ് ജിബുവിനെ ആശുപത്രിയില്‍ എത്തിച്ചത്. കുവൈറ്റില്‍ ജോലിയുണ്ടായിരുന്ന ജിബു മടക്കയാത്രയ്ക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്യാനായി തിരുവല്ലയ്ക്ക് പോകുമ്പോഴായിരുന്നു അപകടം. മാതാവ്: ഷേര്‍ളി. സഹോദരന്‍: ഷിജു.