മാവേലിക്കര: വാഹനാപകടത്തിൽ മരിച്ച യുവാവിന്റെ അവകാശികൾക്ക് 35ലക്ഷം നഷ്ടപരിഹാരം നൽകാൻ മാവേലിക്കര എം.എ.സി.ടി കോടതി ഉത്തരവ്. പത്തിയൂർ കീരിക്കാട് കൊച്ചയ്യത്ത് വീട്ടിൽ രജിത്ത് (32) ആണ് 2016 മാർച്ച് 12ന് മുണ്ടക്കയത്ത് ഉണ്ടായ അപകടത്തിൽ മരിച്ചത്. കായംകുളത്തെ സ്വകാര്യ സ്റ്റീൽ ഏജൻസിയുടെ ഡ്രൈവർ ആയിരുന്ന രജിത്ത് ഓടിച്ചിരുന്ന പിക് അപ് വാനും ബസും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
വാഹനം മതിലിൽ ഇടിച്ചാണ് അപകടം ഉണ്ടായതെന്നായിരുന്നു പൊലീസ് കേസ്. എന്നാൽ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുക്കുകയും ബസുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായതെന്ന് കണ്ടെത്തുകയുമായിരുന്നു. രജിത്തിന്റെ ഭാര്യ സൗമ്യ (27), മക്കളായ കാശിനാഥ് (4), ശബരിനാഥ് (2 മാസം), മാതാപിതാക്കളായ രാമചന്ദ്രൻ, സുമംഗല എന്നിവരാണ് നഷ്ടപരിഹാരത്തിനായി കോടതിയെ സമീപിച്ചത്. 26ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച കോടതി ഇതിന്റെ എട്ടുശതമാനം പലിശയും കോടതി ചെലവും അടക്കം 35 രൂപ ഹർജിക്കാർക്ക് നൽകണമെന്നാണ് ഉത്തരവായിരിക്കുന്നത്. ഹർജിക്കാർക്ക് വേണ്ടി അഭിഭാഷകരായ ആർ.പത്മകുമാർ, ഉമേഷ് കുമാർ, അനിൽ.ജി.പിള്ള എന്നിവർ ഹാജരായി.