ചാരുംമൂട് : നൂറനാട് ഐ.ടി.ബി.പി ക്യാമ്പിൽ ഒടുവിൽ പരിശോധന നടത്തിയവരിൽ 35 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ച സേനാംഗങ്ങളിൽ ഭൂരിപക്ഷവും രോഗമുക്തി നേടിയതിനിടെയാണ് 35 പേർക്ക് കൂടി കൊവിഡ് ബാധിച്ചത്. മറ്റ് സംസ്ഥാനങ്ങളിലെ ഡ്യൂട്ടിയ്ക്കു ശേഷം മടങ്ങിവന്ന ഇവർ സമീപത്തെ സ്കൂളിൽ ക്വാറന്റൈനിലായിരുന്നു. കഴിഞ്ഞ ദിവസം ഇവരെ നൂറനാട് പാറ്റൂർ, കട്ടച്ചിറ എന്നിവിടങ്ങളിലെ കൊവിഡ് കെയർ സെന്ററുകളിലേക്ക് മാറ്റിയിരുന്നു. ഞായറാഴ്ചയാണ് ആർ.ടി​.പി.സി.ആർ ടെസ്റ്റിനായി 60 സൈനികരുടെ സ്രവ സാമ്പിൾ ശേഖരിച്ചവരി​ലാണ് 35 പേർക്കാണ് കൊവിഡ് സ്ഥീരീകരിച്ചത്. പനി ബാധിച്ച് ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്ന അന്തേവാസിയുടെ സ്രവ പരിശോധനാ ഫലം നെഗറ്റീവാണ്. മാവേലിക്കര മണ്ഡലത്തിലെ കൊവിഡ് അവലോകന യോഗം ഇന്നലെ നടന്നു. ആർ.രാജേഷ് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ നടന്ന സൂം മീറ്റിംഗിൽ തഹസിൽദാർ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, സാനിട്ടോറിയം സൂപ്രണ്ട് , മെഡിക്കൽ ഓഫീസർമാർ മറ്റ് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലെയും സ്ഥിതിഗതികൾ യോഗം ചർച്ച ചെയ്തു. മണ്ഡലത്തിലെ പഞ്ചായത്തുകളിലെ സി.എഫ്.എൽ.ടി​.സികൾ എല്ലാം തന്നെ പ്രവർത്തന സജ്ജമായിട്ടുണ്ട്. കൊവിഡ് വ്യാപന മേഖലകളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമായി തുടരുന്നതിനും തീരുമാനിച്ചു.