 പ്രതിഷേധവുമായി രക്ഷിതാക്കൾ

ചേർത്തല:എൽ.പി സ്കൂളിലെ കുട്ടികൾക്ക് ഓൺലൈൻ പഠനത്തിനായി തുടങ്ങിയ വാട്ട്സാപ്പ് ഗ്രൂപ്പിലേക്ക് പ്രധാന അദ്ധ്യാപകന്റെ ഫോണിൽ നിന്ന് അശ്ലീല വീഡിയോ എത്തിയത് വിവാദത്തിൽ. രക്ഷിതാക്കൾ പരാതിയുമായി രംഗത്തെത്തിയതോടെ അദ്ധ്യാപകൻ വീഡിയോ നീക്കം ചെയ്യാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ ഇദ്ദേഹം മാപ്പുപറഞ്ഞ് ഗ്രൂപ്പിൽ ശബ്ദസന്ദേശം അയച്ച ശേഷം സ്കൂളിലെ മുഴുവൻ ഗ്രൂപ്പുകളിലും നിന്ന് സ്വയം പുറത്തു പോയി. ഇടതുപക്ഷ അദ്ധ്യാപക സംഘടന നേതാവായ പ്രധാന അദ്ധ്യാപകനെ സംരക്ഷിക്കാൻ നേതൃത്വം രംഗത്തെത്തിയത് പ്രതിഷേധത്തിന് കാരണമായി.

ചേർത്തല നഗരത്തിന് വടക്കുള്ള സർക്കാർ എൽ.പി സ്‌കൂളിലാണ് സംഭവം നടന്നത്. ഹെഡ്മാസ്​റ്റർ ആയതിനാൽ സ്‌കൂളിലെ എല്ലാ വാട്‌സാപ് ഗ്രൂപ്പുകളിലും ഇദ്ദേഹം അഡ്മിനാണ്. രക്ഷിതാക്കളും വിദ്യാർത്ഥികളും അദ്ധ്യാപകരും ഉൾപ്പെടുന്ന നാലാം ക്ലാസിലെ ഗ്രൂപ്പിലാണ് പ്രധാന അദ്ധ്യാപകന്റെ മൊബൈലിൽ നിന്ന് അശ്ലീല വീഡിയോ എത്തിയത്. കുട്ടികൾ ഉൾപ്പെടെ 40 ഓളം പേർ ഈ ഗ്രൂപ്പിൽ അംഗങ്ങളാണ്. രക്ഷിതാക്കൾ അദ്ധ്യാപകരെ വിളിച്ച് പരാതി പറഞ്ഞതിനെ തുടർന്നാണ് വീഡിയോ നീക്കം ചെയ്യാൻ ശ്രമിച്ചത്. പക്ഷേ, വിജയിച്ചില്ല. ഇതോടെ ക്ലാസ് അദ്ധ്യാപിക രക്ഷിതാക്കളോട്, വീഡിയോ മൊബൈലിൽ നിന്ന് നീക്കം ചെയ്യണമെന്നും മാപ്പ് പറയുന്നുവെന്നും ഗ്രൂപ്പിലേക്ക് ശബ്ദസന്ദേശം അയച്ചു. പിന്നാലെ മാപ്പപേക്ഷയുമായി പ്രധാന അദ്ധ്യാപകനും എത്തി. തുടർന്നാണ് ഇദ്ദേഹം ഗ്രൂപ്പുകളിൽ നിന്നു പുറത്തുപോയത്. നഗരത്തിലെ പ്രധാന സ്‌കൂളിൽ ജോലി ചെയ്തിരുന്ന സമയത്ത് സ്‌കൂൾ വികസനത്തിനായി വിളിച്ച് ചേർത്ത യോഗത്തിൽ എം.എൽ.എയെ അധിക്ഷേപിച്ചതിന് ഇടതുകക്ഷികൾ ഇദ്ദേഹത്തിനെതിരെ പരാതി അയയ്ക്കുകയും സ്ഥലംമാ​റ്റുകയും ചെയ്തിരുന്നു.