'മുട്ടുമ്പോൾ പറമ്പ് തിരക്കുക' എന്നൊരു ചൊല്ലുണ്ട്. എന്തുകാര്യത്തിനും സമയമാവുമ്പോൾ കിടന്നോടുന്ന രീതിയെ പരിഹസിച്ചാണ് ഇത്. കഴിഞ്ഞ ദിവസം ആലപ്പുഴ നഗരത്തിൽ കണ്ടത് അത്തരമൊരു സംഗതിയാണ്. റോഡുകളിൽ അപകടം വിതയ്ക്കും വിധം നിലകൊള്ളുന്ന മരങ്ങളും ശിഖരങ്ങളും മുറിച്ചു നീക്കുക. കേൾക്കുമ്പോലെ അത്ര ലളിതമായ ചടങ്ങൊന്നുമല്ല ഇത്. ഈ സംരംഭത്തിന് വേണ്ടി ജില്ലാ കളക്ടർ പ്രത്യേക യോഗം വിളിച്ചു. ജില്ലയിലെ വിവിധ വകുപ്പുകളുടെ മേധാവികൾ പരിപ്പുവടയും ചായയും കഴിച്ച്, സാമൂഹ്യ അകലം പാലിച്ച് ഏറെ സമയം ചർച്ചയും ആലോചനകളും നടത്തി. ബൃഹത്തായ നിർദ്ദേശങ്ങൾ ഉരുത്തിരിഞ്ഞു. ഈ ദൗത്യത്തിനായി പ്രത്യേക ഡ്രൈവ് സംഘടിപ്പിക്കാനും തീരുമാനമായി. കാലവർഷം ശക്തിപ്പെട്ടതോടെയാണ് ഈ അപകടം തിരിച്ചറിഞ്ഞതെന്ന് സർക്കാർ പുറത്തിറക്കിയ കുറിപ്പിൽ തന്നെ വ്യക്തമാക്കുന്നുണ്ട്.
അപകടം സൃഷ്ടിക്കാവുന്ന വിധത്തിൽ നിൽക്കുന്ന മരങ്ങൾ രണ്ടു ദിവസത്തിനകം കണ്ടെത്തി പട്ടിക തയ്യാറാക്കുകയാണ് ഇതിലെ പ്രധാന ജോലി. ഡ്രൈവ് ചൊവ്വാഴ്ച തന്നെ ആരംഭിച്ചു. ഇതിനായി പ്രത്യേക ഉദ്യോഗസ്ഥ സംഘം ജില്ലയിൽ രണ്ടുദിവസം പരിശോധനകൾ നടത്തിയാണ് മരങ്ങൾ കണ്ടെത്തുക. അപകടമുണ്ടാക്കാൻ സാദ്ധ്യതയുള്ള ഒറ്റ മരങ്ങൾക്ക് പോലും ഈ ഉദ്യോഗസ്ഥരുടെ കണ്ണിൽ നിന്ന് രക്ഷപ്പെടാനാവില്ല. കെ.എസ്.ഇ.ബി, ഫയർഫോഴ്സ് തുടങ്ങിയ വകുപ്പുകളുടെ സഹായവും തേടാം. മരംമുറിയൊക്കെയാവുമ്പോൾ എന്തായാലും പൊലീസ് സഹായം വേണമെന്നത് ഉറപ്പുള്ളതിനാൽ അവരുടെ സേവനത്തിന്റെ കാര്യം അടിവരയിട്ട് പറഞ്ഞില്ല. അടിയന്തര സാഹചര്യം കണക്കിലെടുത്ത് വകുപ്പുകൾ ഏകോപനത്തോടെ പ്രവർത്തിക്കണം. കൂടാതെ ആലപ്പുഴ കനാലിന്റെ കരയിലുള്ള മറിഞ്ഞുവീഴാവുന്ന വിധത്തിലുള്ള മരങ്ങൾ ഈ അവസരമുപയോഗിച്ച് നീക്കം ചെയ്യുകയുമാവാം. ആലപ്പുഴ നഗരത്തിൽ സുലഭമായുള്ള കനാലുകളുടെ കരയിൽ നിൽക്കുന്ന മരങ്ങളുടെ ചില്ലകൾ നീക്കം ചെയ്യുന്നതിനും മരം അപ്പാടെ നീക്കം ചെയ്യേണ്ടതാണെങ്കിൽ അത് പട്ടികയാക്കി നൽകാനുമുള്ള ചുമതല ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറിക്കാണ് നൽകിയത്. കൊവിഡ് കാരണം ആലപ്പുഴയിലെ ടൂറിസം സാദ്ധ്യതകളെല്ലാം അടഞ്ഞു കിടക്കുന്നതിനാൽ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന് പ്രത്യേക ജോലിയൊന്നുമില്ലെന്ന് ജില്ലാ കളക്ടർക്ക് നന്നായി അറിയാം.'കിളിച്ചുണ്ടൻ മാമ്പഴം' എന്ന പ്രിയദർശൻ ചിത്രത്തിൽ മരംമുറിക്കാരനായ മോഹൻലാൽ തോളിൽ പ്ളാസ്റ്റിക് കയറും ചുമന്ന്, കൈയ്യിൽ മഴുവുമായി 'മരം മുറിക്കാനുണ്ടോ മരം ' എന്നു വിളിച്ചു ചോദിച്ചു നടക്കുന്ന പോലെയൊണ് ഇപ്പോൾ ചില ഉദ്യോഗസ്ഥരുടെ അവസ്ഥ. ചെറുതും വലുതുമായി 40 ലേറെ പാലങ്ങളും അവയ്ക്കെല്ലാമടിയിലൂടെ തോടുകളുമുള്ള ആലപ്പുഴ നഗരത്തിലെ മരങ്ങളുടെ എണ്ണം മാത്രം കണ്ടുപിടിക്കാൻ എത്ര ദിവസം നടക്കണമെന്ന് ആലപ്പുഴക്കാർക്കറിയാം. ഇവയെല്ലാം കണ്ടുപിടിച്ച് എണ്ണമിട്ട് ജെ.സി.ബിയും ഫയർഫോഴ്സും വെട്ടാനുള്ള ജോലിക്കാരുമെല്ലാം എത്തി ഇവ മുറിച്ചു മാറ്റാൻ എത്ര സമയം വേണ്ടിവരുമെന്നും ഊഹിക്കാം. പക്ഷെ ഇതെല്ലാം ശുഭകരമായി പര്യവസാനിക്കും വരെ കാലവർഷം കാത്തു നിൽക്കുമോ എന്നതാണ് ന്യായമായ സംശയം. കാരണം കാലവർഷ കാലത്തെ അപകടം ഒഴിവാക്കാനാണല്ലോ ഈ ഭഗീരഥ പ്രയത്നം.
ഇത്രയൊക്കെയുള്ള തയ്യാറെടുപ്പുകൾ കണ്ടപ്പോഴാണ് ചിലർക്ക് ചില കാര്യങ്ങൾ മനസിൽ തോന്നിയത്. സാമാന്യം ഭേദപ്പെട്ട നിലയിൽ കൊവിഡ് തകർത്തു വാരിക്കൊണ്ടിരിക്കുന്ന ജില്ലയാണ് ആലപ്പുഴ.ആരോഗ്യ വകുപ്പുകാരും പൊലീസും പൊതുമരാമത്തും റവന്യൂവും അടക്കമുള്ള ഡിപ്പാർട്ടുമെന്റുകളിലെ ഉദ്യോഗസ്ഥർ നാലുചുറ്റും പരക്കം പാഞ്ഞ് ഓടുകയാണ്, കൊവിഡിനെ പിടിച്ചു കെട്ടാൻ. ഇതിന്റെ കെടുതിയിൽ പെടാതിരിക്കാൻ സാമൂഹ്യം അകലം പാലിച്ച് മാസ്കും ധരിച്ച് ജനം കൂട്ടയോട്ടം നടത്തുകയും. അപ്പോഴാണ് മരം മുറിയ്ക്കൽ ജോലിയുമായി ഉദ്യോഗസ്ഥർ ഇറങ്ങിയിരിക്കുന്നത്. റോഡുകളുടെയും തോടുകളുടെയും ഓരങ്ങളിലുള്ളതും അപകടകരമായ വിധത്തിൽ നിൽക്കുന്നതുമായ മരങ്ങൾ ഇന്നലെ നട്ട്, ഇന്ന് പടർന്നു പന്തലിച്ചതൊന്നുമല്ല. കാലങ്ങളായി നിൽക്കുന്നതാണ്. ഭൗമാന്തരീക്ഷത്തിൽ നിന്ന് യാതൊരു മുന്നറിയിപ്പുമില്ലാതെ പെട്ടെന്നങ്ങു പൊട്ടിവീഴുന്നതല്ല കാലവർഷം. ഇടയ്ക്കൊക്കെ ചില്ലറ പിഴവുകൾ പറ്റാറുണ്ടെങ്കിലും കാറ്റടിക്കുന്ന കാര്യവും മഴ പൊഴിയുന്ന കാര്യവുമൊക്കെ നമ്മുടെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രക്കാർ ഇടയ്ക്കിടെ പറയുന്നതുമാണ്. കാറ്റും കാലവർഷവും വന്നാൽ മരങ്ങൾ നിലം പൊത്തുമെന്നതും സാമാന്യ ബുദ്ധിയുള്ളവർക്ക് ഊഹിക്കാവുന്നതുമാണ്. അപ്പോൾ അല്പം കാലേകൂട്ടി ഇതിനുള്ള നടപടികൾ തുടങ്ങിയിരുന്നെങ്കിൽ ഇപ്പോഴത്തെ ഈ കൂട്ടപ്പൊരിച്ചിൽ വേണ്ടിവരുമായിരുന്നോ. കൊവിഡിന്റെ തിരക്കിൽ നട്ടം തിരിയുന്ന ഉദ്യോഗസ്ഥർക്ക് വീർപ്പടക്കിപ്പിടിച്ച് മരങ്ങളുടെ എണ്ണം തിരക്കി നടക്കേണ്ടി വരുമായിരുന്നോ. ഇവിടെയാണ് തുടക്കത്തിലെ പഴഞ്ചൊല്ലിന്റെ പ്രസക്തി.
ഇനി ആലപ്പുഴയിലെ മരങ്ങൾക്കും ചില പ്രത്യേകതകളുണ്ട്. കനാൽ കരകളിൽ നിൽക്കുന്നതിലേറെയും ഉറക്കംതൂങ്ങി മരങ്ങളാണ്. കാണാൻ നല്ല ചേലുള്ള മരങ്ങൾ. കുടപോലെ വിടർന്ന് , ചില്ലകളുമായി നിൽക്കുന്നതിനാൽ നല്ല തണൽ തരും. കണ്ടാൽ നോക്കിനിൽക്കും വിധത്തിൽ ഗാംഭീര്യമുള്ള തടിയാണെങ്കിലും 'നോ ഫലം'.അടുപ്പു കത്തിക്കാനുള്ള ആവശ്യക്കാർ പോലും ഈ തടിയോട് അല്പംപോലും വിധേയത്വമോ അടുപ്പമോ കാട്ടാറില്ല. എന്തെങ്കിലും ഗുണങ്ങളുണ്ടായിരുന്നെങ്കിൽ മുറിയ്ക്കൽ ഒന്നു തുടങ്ങിവച്ചാൽ മതി, ബാക്കിയെല്ലാം അഭ്യുദയ കാംക്ഷികൾ ഭംഗിയായി ചെയ്തേനെ. പക്ഷെ ഇപ്പോഴെല്ലാം പാവം ഫയർഫോഴ്സുകാരുടെ തലയിലായി. കായലും കനാലുമൊക്കെ ധാരാളമായി ഉള്ള ജില്ലയായതിനാൽ കാലവർഷം എത്തിയാൽ വെള്ളക്കെട്ടുകളിലെ അപകടങ്ങൾക്കും പലവിധ സാദ്ധ്യതകളുണ്ട്. അത്തരം ഘട്ടങ്ങളിലും ഇപ്പറയുന്ന ഫയർഫോഴ്സും പൊലീസുമൊക്കെ വേണം ഓടിയെത്താൻ. പലവിധ കാരണങ്ങളാൽ തിരക്കുപിടിച്ചു ഓരോന്നു ചെയ്യേണ്ടി വരുന്ന ജില്ലാ ഭരണകൂടത്തെ പക്ഷെ അടച്ച് അങ്ങ് ആക്ഷേപിക്കാനും സാധിക്കില്ല. പ്രത്യേകിച്ച് ഇപ്പോഴത്തെ കൊവിഡ് ദുരിതത്തിനിടയിൽ. ഈ സന്ദർഭത്തിൽ നടത്തിക്കൊണ്ടിരിക്കുന്ന നല്ല സേവനങ്ങൾ കണ്ടില്ലെന്ന് നടിക്കാനുമാവില്ല. എങ്കിലും അല്പം നേരത്തെ ഉണർന്ന് പ്രവർത്തിക്കാമായിരുന്നില്ലേ എന്ന് ആരെങ്കിലും ഒന്നു ശങ്കിച്ചുപോയാൽ അവരെയും കുറ്രപ്പെടുത്താൻ കഴിയില്ല.
ഇതു കൂടി കേൾക്കണേ
ഇത്തവണത്തേതു പോട്ടെ, ഇനിയെങ്കിലും കാലവർഷം പോലെ മുൻകൂട്ടി അറിയാവുന്ന പ്രതിസന്ധി നാളുകൾ വരുമ്പോൾ അതിന് വേണ്ട തയ്യാറെടുപ്പുകൾ അല്പം നേരത്തെ ഒന്നു തുടങ്ങിയാൽ അവസാന നിമിഷത്തിലെ ഈ ഓട്ടം ഒഴിവാക്കാമല്ലോ.