s

 നീണ്ട ഇടവേളയ്ക്ക് ശേഷം ജിംനേഷ്യങ്ങൾ തുറന്നു

ആലപ്പുഴ : സിക്സ് പാക്ക് അഴിയാതിരിക്കാൻ വീട്ടിൽ പെടാപ്പാട് പെട്ടുകൊണ്ടിരുന്ന ജിമ്മൻമാർക്ക് ഇനി ആശ്വസിക്കാം. പരിശീലനത്തിന് വഴിയൊരുക്കി, അടഞ്ഞു കിടന്ന ജിംനേഷ്യങ്ങൾ തുറന്നു. വ്യായാമത്തിലുപരിയായി മത്സരങ്ങൾക്കുവേണ്ടി ബോഡി ബിൽഡിംഗ് നടത്തുന്ന താരങ്ങൾക്കാണ് ജിംനേഷ്യങ്ങൾ വീണ്ടും തുറന്നത് കൂടുതൽ അനുഗ്രഹമാകുന്നത്.

ലോക്ക് ഡൗണിൽ ജിംനേഷ്യങ്ങൾ അടഞ്ഞതോടെ വീടുകളിൽ ചെറുവ്യായാമമുറകൾ ചെയ്താണ് പലരും ശരീരം സംരക്ഷിച്ചിരുന്നത്. എന്നാൽ,മത്സരങ്ങളിൽ പോരാടാൻ കേവലം വ്യായാമം മാത്രം മതിയാവില്ല. ജിംനേഷ്യങ്ങളിലെ തുടർച്ചയായ പരിശീലനം തന്നെ വേണം. ട്രെയിനർക്ക് കീഴിൽ നേരിട്ട് ലഭിക്കുന്ന പരിശീലനം തന്നെയാണ് മികച്ചതെന്ന്ഭൂരിപക്ഷം പേരും അഭിപ്രായപ്പെടുന്നു.

മത്സരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന താരങ്ങളാണ് ജിംനേഷ്യങ്ങൾ തുറന്ന ഇന്നലെ പരിശീലനത്തിന് എത്തിയത്. സാമൂഹിക വ്യാപന ഭീഷണി നിലനിൽക്കുന്നതിനാൽ മറ്റുള്ളവർ വരാൻ മടിക്കുന്നതായാണ് ആദ്യ ദിനത്തിലെ പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്. ജില്ലയിലെ 80 ശതമാനത്തോളം ജിംനേഷ്യങ്ങളും പ്രവർത്തനം പുനരാരംഭിച്ചു. കണ്ടെയിൻമെന്റ് സോണുകളിൽ ഉള്ളവ ഇളവ് വരുന്ന മുറയ്ക്ക് തുറന്ന് പ്രവർത്തിക്കും. അഞ്ച് മാസത്തോളം അടഞ്ഞുകിടന്നതിനാൽ ഉപകരണങ്ങളുടെ അറ്റകുറ്റപ്പണിയടക്കം പൂർത്തിയാക്കിയ ശേഷമാണ് ജിംനേഷ്യങ്ങൾ പരിശീലനത്തിന് സജ്ജമാക്കിയത്. , സാമൂഹിക അകലവും കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങളും കർശനമായി പാലിക്കുന്നുണ്ടോ എന്ന പരിശോധനകൾ വരും ദിവസങ്ങളിൽ ജിംനേഷ്യങ്ങളിലുണ്ടാവും. പരിശീലനത്തിനെത്തുന്നവർക്കായി പ്രത്യേക സമയക്രമം ഏർപ്പെടുത്തും.

ജിംനേഷ്യങ്ങളിൽ വേണ്ടത്

 സാമൂഹിക അകലം നിർബന്ധം

 മാസ്കും, കൈയുറയും, സോക്സും ധരിക്കണം

വരുന്നവരുടെ താപനില പരിശോധിക്കണം

കെട്ടിടത്തിൽ വായുസഞ്ചാരം ഉറപ്പാക്കണം

 മാസ്ക്ക് ശ്വസനത്തിന് പ്രയാസമാകുമെങ്കിൽ ഫേസ് ഷീൽഡുകൾ ഉപയോഗിക്കണം

 ടവ്വലുകളും കുടിവെള്ളവും സ്വന്തമായി കൊണ്ടുവരിക

 ഒരു സമയം പരമാവധി 20 പേർ മാത്രം

പരിശീലനത്തിനെത്തുന്നവരുടെ പേരും വിലാസവും രജിസ്റ്ററിൽ സൂക്ഷിക്കണം

150 : ജില്ലയിൽ 150 ഓളം ജിമ്മുകൾ

തുറന്നെങ്കിലും ഒഴിയാതെ

പ്രതിസന്ധി

 ലോൺ തിരിച്ചടവ് പ്രതിസന്ധിയിലാവും

 കെട്ടിടങ്ങളുടെ വാടക

 ട്രെയിനർമാരുടെ ശമ്പളം

 ഉപകരണങ്ങളുടെ പരിപാലനം

ശരീരത്തിന്റെ ഫിറ്റ്‌നസ് നഷ്ടമാകാതിരിക്കാനുള്ള പരിശീലനം കഴിഞ്ഞ അഞ്ച് മാസങ്ങളിൽ വീട്ടിൽ ചെയ്തിരുന്നു. എന്നാൽ വെയ്റ്റ് ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ മത്സരാർത്ഥിയായി പങ്കെടുക്കാൻ ഈ പരിശീലനം മാത്രം പോരാ. വരുന്ന ഡിസംബറിൽ ഇന്തോനേഷ്യയിൽ നടക്കുന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിനു വേണ്ടിയുള്ള പരിശീലനം പുനരാരംഭിക്കുകയാണ്.

-ആർ.ശരത്കുമാർ, കോമൺവെൽത്ത് ആൻഡ് ഏഷ്യൻ പവർലിഫ്റ്റിംഗ് ദേശീയ ചാമ്പ്യൻ(സബ് ഇൻസ്പെക്ടർ, സി.ഐ.എസ്.എഫ്)

വിവിധ ബോഡിബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ മത്സരിച്ച് വിജയിച്ച് സർക്കാർ ജോലി നേടാമെന്ന പ്രതീക്ഷയുമായി കാത്തിരിക്കുന്ന നിരവധി യുവാക്കളുണ്ട്. ജിംനേഷ്യങ്ങൾ വീണ്ടും തുറന്നത് ഇവരുടെ പരിശീലനത്തിന് വളരെ ഗുണം ചെയ്യും.

-ഇലയിൽ സൈനുദ്ദീൻ, എഷ്യൻ പവർലിഫ്റ്റിംഗ് ചാമ്പ്യൻ