ആലപ്പുഴയിലെ മുപ്പാലം ഒരു വർഷത്തിനുള്ളിൽ നാല്പാലമാകും
ആലപ്പുഴ: നഗരത്തിൽ ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിനു സമീപമുള്ള ചരിത്രപ്രസിദ്ധമായ മുപ്പാലം 'നാല്പാല'മാക്കുന്നതിനുള്ള പൈലിംഗിന്റെ കോൺക്രീറ്റ് ജോലികൾ ഒരാഴ്ചയ്ക്കുള്ളിൽ ആരംഭിക്കും. ഓഫീസിന് മുന്നിൽ മറ്റോരു പാലംകൂടി മുപ്പാലത്തോടു ചേർത്തു നിർമ്മിക്കാനാണ് പദ്ധതി തയ്യാറാക്കിയത്. കേരള റോഡ് ഫണ്ട് ബോർഡിന്റെ 17.44 കോടിയാണ് ചെലവഴിക്കുന്നത്. ഒരു വർഷംകൊണ്ട് പൂർത്തിയാക്കുകയാണ് ലക്ഷ്യമെങ്കിലും കൊവിഡ് ചതിക്കുമോയെന്ന ആശങ്കയുണ്ട്.
ഒരുമാസം മുമ്പ് പുനർനിർമ്മാണ ജോലികൾ ആരംഭിച്ചെങ്കിലും തമിഴ്നാട്ടിൽ നിന്നെത്തിയ ഒരു തൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ജോലികൾ നിറുത്തിവെച്ചു. ഇയാളോടൊപ്പം എത്തിയ മറ്റ് തൊഴിലാളികൾ നിരീക്ഷണത്തിൽ ആകുകയും ചെയ്തു. അടുത്ത ആഴ്ചയോടെ നിരീക്ഷണ കാലാവധി കഴിഞ്ഞ് തൊഴിലാളികൾ മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷ.
# ജി. സുധാകരന്റെ ആശയം
മുപ്പാലത്തിനു സമീപമായി കൊമേഴ്സ്യൽ കനാലിന്റെ ഇരുകരകളിൽ നിൽക്കുന്നവയാണ് ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസും എഫ്.സി.ഐ ഗോഡൗണും . എ.ആർ ക്യാമ്പ്, ബീച്ച്, ലൈറ്റ് ഹൗസ്, കടൽപാലം, കുട്ടികളുടെ പാർക്ക് എന്നിവയും സമീപത്തുതന്നെ. പ്രതിദിനം നൂറ്കണക്കിന് ചരക്ക് ലോറികൾ എഫ്.സി.ഐ ഗോഡൗണിലേക്ക് എത്താനും പ്രധാനമായി ആശ്രയിക്കുന്നത് മുപ്പാലത്തെയാണ്. വലിയ രണ്ട് വാഹനങ്ങൾ നേർക്കു നേർ വന്നാൽ ഗതാഗതക്കുരുക്ക് ഉണ്ടാകും. മന്ത്രി ജി.സുധാകരൻ മുൻകൈയെടുത്താണ് പൊതുമരാമത്ത് പാലം വിഭാഗത്തെ കൊണ്ട് പദ്ധതി തയ്യാറാക്കിയത്. നഗരത്തിലെ ഗതാഗതകുരുക്ക് ഒഴിവാക്കാൻ ശവക്കോട്ടപ്പാലത്തിന് സമാന്തരമായുള്ള പുതിയ പാലത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നു. ജില്ലാക്കോടതി, കൊമ്മാടി പാലങ്ങളുടെ നിർമ്മാണം ഉടൻ ആരംഭിക്കും.
...............................
നിലവിലെ മുപ്പാലത്തിന് 5.5 മീറ്റർ വീതിയും 23 മീറ്റർ നീളവും
ഇതിന്റെ വീതി 11 മീറ്ററാക്കും
മൂന്ന് പാലങ്ങളെയും ബന്ധിപ്പിച്ച് 26 മീറ്റർ നീളത്തിലും വീതിയിലും മറ്റൊരു പാലം
ഓവൽ മാതൃകയിലുള്ള പാലങ്ങളുടെ മദ്ധ്യഭാഗത്ത് ലാൻഡ്സ്കേപ്പ്
60 മീറ്റർ താഴ്ചയിൽ 38 പൈലുകളിൽ നിർമ്മാണം
..............................
# ചരിത്രം
വാടക്കനാലും കോമേഴ്സ്യൽ കനാലും ബന്ധിപ്പിക്കുന്ന തോട്ടിൽ, മൂന്ന് കരകളെ യോജിപ്പിക്കാനാണ് രാജാ കേശവദാസ് മുപ്പാലം നിർമ്മിച്ചത്. ആലപ്പുഴയുടെ ചരിത്രത്തിൽ ഇടം പിടിച്ച പ്രധാന പാലമാണിത്. ഒട്ടേറെ സിനിമകളുടെ ചിത്രീകരണവും മുപ്പാലത്തിൽ നടന്നിട്ടുണ്ട്.