കെ.എസ്.ഇ.ബിക്ക് 30 ലക്ഷത്തിന്റെ നഷ്ടം
അമ്പലപ്പുഴ: കനത്തമഴയോടൊപ്പം അപ്രതീക്ഷമായി എത്തിയ ചുഴലിക്കാറ്റിൽ വ്യാപക നാശം. പുറക്കാട്ട് നാല് വീടുകൾ പൂർണ്ണമായും 36 വീടുകൾ ഭാഗികമായും തകർന്നു. നിരവധി മരങ്ങളും വൈദ്യുതി പോസ്റ്റുകളും കടപുഴകി.
പുറക്കാട് പതിനഞ്ചാം വാർഡിൽ പുലർച്ചെ 3.30 ഓടെ ഉണ്ടായ ചുഴലിക്കാറ്റിൽ പുറക്കാട് എസ്.എൻ.വി യുപി സ്കൂൾ മുതൽ കൊച്ചുതറ ചന്ദ്രന്റെ വീടു വരെ ദേശീയപാതയിലെ മരങ്ങളും വൈദ്യുതി പോസ്റ്റുകളും മറിഞ്ഞുവീണു. 6 ട്രാൻസ്ഫോർമറുകൾ ഉൾപ്പടെ നാലോളം പോസ്റ്റുകളും 7 മരങ്ങളും ദേശീയപാതയിൽ വീണ് ഗതാഗതം തടസപ്പെട്ടു. 4 വീടുകൾ പൂർണമായും 36 വീടുകൾ ഭാഗികമായും മരങ്ങൾ വീണ് തകർന്നു. അഗ്നിശമന സേനയും അമ്പലപ്പുഴ പൊലീസും വൈദ്യുതി വകുപ്പു ജീവനക്കാരും സ്ഥലത്തെത്തി മണിക്കൂറുകളുടെ ശ്രമഫലമായി ഇവ നീക്കം ചെയ്ത ശേഷമാണ് ദേശീയപാതയിൽ ഗതാഗതം പുന:സ്ഥാപിച്ചത്. കൊച്ചോണം പള്ളി രാജേഷ്, തൈക്കൽ സിദ്ദിഖ് കുഞ്ഞ്, എന്നിവരുടെ വീടുകൾ മരം വീണ് വീടുകൾ പൂർണമായും നശിച്ചു. വീട്ടിലുണ്ടായിരുന്നവർ ശബ്ദം കേട്ട് ഓടി രക്ഷപ്പെട്ടതിനാൽ ആളപായമില്ല. പല വീടുകളുടേയും ഷീറ്റുകളും ഓടുകളും പറന്നു. 10 മിനിട്ടോളം നീണ്ടു നിന്ന വലിയ ചുഴലിക്കാറ്റാണ് നാശനഷ്ടങ്ങൾക്കിടയാക്കിയത്. ഏകദേശം 30 ലക്ഷത്തിന്റെ നഷ്ടം സംഭവിച്ചതായി കെ.എസ്.ഇ.ബി അറിയിച്ചു. പുലർച്ചെ മുതൽ 24 ജീവനക്കാരുടെ നേതൃത്വത്തിലാണ് വൈദ്യുതി പുന:സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ നടന്നത്.
അമ്പലപ്പുഴ തഹസീൽദാർ മനോജ്, പുറക്കാട് വില്ലേജ് ഓഫീസർ സജിത് എന്നിവരുടെ നേതൃത്വത്തിൽ നാശനഷ്ടങ്ങൾ വിലയിരുത്തി. ദേശീയപാതയിൽ വീണുകിടന്ന ട്രാൻസ് ഫോർമറുകളും വൈദ്യുതിപോസ്റ്റുകളും ക്രെയിൻ ഉപയോഗിച്ച് നീക്കിയതിനു ശേഷമാണ് ദേശീയ പാതയിൽ ഗതാഗതം പുന:സ്ഥാപിച്ചത്.
കുറയാതെ ജലനിരപ്പ്
മഴ കുറഞ്ഞെങ്കിലും കുട്ടനാട്ടിൽ ജലനിരപ്പ് താഴാത്തത് ആശങ്കയായി. ആറാട്ടുപുഴയുടെ തീരത്ത് ഇന്നലെയും വ്യാപകമായി കടൽകയറ്റം അനുഭവപ്പെട്ടു. തോട്ടപ്പള്ളി പൊഴിമുഖത്ത് ശക്തമായ ഒഴുക്ക് ഉണ്ടെങ്കിലും കിഴക്കൻ വെള്ളത്തിന് വരവ് ശക്തമായി തുടരുന്നതിനാൽ കുട്ടനാട്ടിലെ ജലനിരപ്പിൽ കാര്യമായി കുറവ് അനുഭവപ്പെടുന്നില്ല.
നഷ്ടപരിഹാരം നൽകും : മന്ത്രി ജി.സുധാകരൻ
പുറക്കാട് ഗ്രാമപഞ്ചായത്ത് 15-ാം വാർഡിൽ ഇന്നലെ വെളുപ്പിന് ഉണ്ടായ ചുഴലിക്കാറ്റിൽ നാശനഷ്ടം സംഭവിച്ചവർക്ക് ആവശ്യമായ നഷ്ടപരിഹാരം നൽകാൻ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകിയതായി മന്ത്രി ജി.സുധാകരൻ അറിയിച്ചു.ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നാശനഷ്ടം തിട്ടപ്പെടുത്തി സഹായം എത്തിക്കും. വില്ലേജ് ഓഫീസർ സ്ഥലം പരിശോധിച്ച് റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ട്. വീടുകൾക്കുണ്ടായ നാശനഷ്ടം പഞ്ചായത്തിലെ അസിസ്റ്റന്റ് എൻജിനിയർ തിട്ടപ്പെടുത്തി വീട്ടുകാരുടെ അപേക്ഷ ഉൾപ്പടെ വില്ലേജ് ഓഫീസർക്ക് നൽകും.കാർഷിക വിളകൾക്കുണ്ടായ നഷ്ടം കൃഷി ഓഫീസർ തിട്ടപ്പെടുത്തി സർക്കാരിന് സമർപ്പിക്കും. വീട് പൂർണ്ണമായും നഷ്ടപ്പെട്ടവർക്ക് ധനസഹായം ലഭ്യമാക്കും.ദേശീയപാതയുടെ ഇരുവശങ്ങളിലും ചരിഞ്ഞ് വീണ മരങ്ങൾ മുറിച്ചുമാറ്റാൻ എക്സിക്യൂട്ടീവ് എൻജിനിയർക്ക് നിർദ്ദേശം നൽകി. വൈദ്യുതി വകുപ്പ് കാര്യക്ഷമമായി പ്രവർത്തിച്ച് വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിക്കാൻനടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു.