അമ്പലപ്പുഴ: തോട്ടപ്പള്ളിയിൽ നിന്ന് ചവറ കെ.എം.എം.എല്ലിലേക്ക് കരിമണലുമായി പോയ ലോറി ജനകീയ സമരസമിതി നേതാക്കൾ തടഞ്ഞു.സമരസമിതി ചെയർപേഴ്സൺ റഹ്മത്ത് ഹാമിദ്, കൺവീനർ കെ.പ്രദീപ്, അനിൽ ബി കളത്തിൽ, എം.എച്ച്.വിജയൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം..
പൊഴിയുടെ വീതി കൂട്ടുന്നതിന്റെ ഭാഗമായി നീക്കിയ കരി മണൽ ചൊവ്വാഴ്ച മുതൽ ലോറികളിൽ കയറ്റിക്കൊണ്ടുപോയിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷമാണ് മണൽ നീക്കം പുനരാരംഭിച്ചത്. ഇന്നലെ രാവിലെ 10 ഓടെ മണൽ കയറ്റി ലോറികൾ ചവറയിലേക്കു കൊണ്ടുപോകാൻ തുടങ്ങിയപ്പോൾ ജനകീയ സമരസമിതി നേതാക്കൾ എത്തി തടയുകയായിരുന്നു. വിവരം അറിഞ്ഞ് അമ്പലപ്പുഴ സി.ഐ മനോജിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി സമരക്കാരുമായി ചർച്ച നടത്തി.നിലവിൽ പുറക്കാട് പഞ്ചായത്ത് ഒമ്പതാം വാർഡിൽ ഒരു കൊവിഡ് പോസിറ്റീവ് കേസുണ്ടെന്നും, കണ്ടെയിൻമെൻ്റ് സോണിൽ നിന്നുൾപ്പെടെയുള്ള പ്രദേശത്തു നിന്നും ഡ്രൈവർമാരും ക്ലീനർമാരും തോട്ടപ്പള്ളിയിൽ എത്തുന്നത് രോഗവ്യാപനത്തിന് വഴിയൊരുക്കുമെന്നും സമരക്കാർ പൊലീസിനോടു പറഞ്ഞു. കളക്ടറുമായി സംസാരിച്ച് വേണ്ട നടപടികൾ കൈക്കൊള്ളാമെന്ന സി.ഐയുടെ ഉറപ്പിൻമേൽ 12 ഓടെ സമരക്കാർ പിരിഞ്ഞു പോയി. മണൽ കൊണ്ടു പോകുന്നതിനെതിരെ എം.എച്ച്.വിജയൻ ഹൈക്കോടതിയിൽ നൽകിയ കേസ് ഇന്ന് പരിഗണിക്കും.