തീരുമാനം പ്രളയ സാദ്ധ്യത കണക്കിലെടുത്ത്
ആലപ്പുഴ: വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും മടങ്ങിയെത്തുന്ന കുട്ടനാട്ടുകാർക്ക്, ഇനി മുതൽ ഹോം ക്വാറന്റൈൻ കുട്ടനാട്ടിൽ അനുവദിക്കില്ലെന്ന തീരുമാനം കർശനമാക്കും. കളക്ടറേറ്റിൽ ചേർന്ന ദുരന്ത നിവാരണ അതോറിട്ടി യോഗത്തിലാണ് കളക്ടർ എ. അലക്സാണ്ടർ നിർദ്ദേശം നൽകിയത്. പ്രളയ സാദ്ധ്യത മുന്നിൽ കണ്ടാണ് കുട്ടനാട്ടിൽ ഹോം ക്വാറന്റൈൻ വേണ്ടെന്ന് തീരുമാനിച്ചത്. ഇപ്പോൾ അവിടെ ക്വാറന്റൈനിലുള്ളവരുടെ സ്രവ പരിശോധന ഉടൻ പൂർത്തിയാക്കും. പോസിറ്റീവ് ആകുന്നവരെ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലേക്ക് മാറ്റും.
സംസ്ഥാനത്തിന് പുറത്ത് നിന്നു ഇവിടേക്ക് വരുന്നവർ തദ്ദേശ സ്ഥാപനങ്ങളെ മുൻകൂട്ടി അറിയിക്കണം. ഇവർക്കാവശ്യമായ ക്വാറന്റൈൻ സൗകര്യം ജില്ല ഭരണകൂടം ഒരുക്കും. ഇനിയൊരു പോസിറ്റീവ് കേസ് ഉണ്ടാകാതിരിക്കാൻ കുട്ടനാട്ടിലെ ജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നു കളക്ടർ പറഞ്ഞു. വാർഡ് ജാഗ്രതാ സമിതികളുടെ പ്രവർത്തനം ശക്തമാക്കും. മാർക്കറ്റുകൾ പൊതു സ്ഥലങ്ങൾ എന്നിവിടങ്ങളിൽ കൃത്യമായ സാമൂഹിക അകലം പാലിക്കണം. ഫേസ് മാസ്ക് ധരിക്കണം. അനാവശ്യമായി പുറത്തിറങ്ങുന്നത് ഒഴിവാക്കണം. വെള്ളപ്പൊക്ക സാദ്ധ്യത നിലനിൽക്കുന്നതിനാൽ ജനങ്ങൾ പ്രത്യേക ശ്രദ്ധ പുലർത്തണം.
സ്രവ പരിശോധന 1000 ആക്കും
ജില്ലയിൽ ആന്റിജൻ ടെസ്റ്റുകൾ, സ്രവ പരിശോധന എന്നിവ പ്രതിദിനം ആയിരം വീതമാക്കാനും തീരുമാനമായി. കൂടുതൽ കൊവിഡ് പരിശോധന നടത്താൻ ജില്ലയിൽ രണ്ട് മൊബൈൽ ആംബുലൻസുകൾ കൂടി സജ്ജമാക്കും. ഇതോടെ ജില്ലയിൽ മൊബൈൽ ആംബുലൻസുകളുടെ എണ്ണം 9 ആയി. കൂടുതൽ കിയോസ്‌കുകളും സജ്ജമാക്കും. യോഗത്തിൽ എ.ഡി.എം ജെ. മോബി, ഡെപ്യൂട്ടി കളക്ടർ ആശ സി. എബ്രഹാം, ഡി.എം.ഒ ഡോ.എൽ. അനിതാകുമാരി, പഞ്ചായത്ത് ഉപഡയറക്ടർ ശ്രീകുമാർ, വിവിധ വകുപ്പ് മേധാവികൾ എന്നിവർ പങ്കെടുത്തു.